News

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയേക്കും

09 September 2023 , 2:55 PM

 

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാന്‍ ശുപാര്‍ശ. യൂണിറ്റിന് 41പൈസ വര്‍ധിപ്പിക്കണമെന്നാണ് കെ എസ് ഇ ബിയുടെ ആവശ്യം. ഇത് പൂര്‍ണമായും അനുവദിച്ച് കൊണ്ടാകില്ല നിരക്ക് വര്‍ധന. നിരക്ക് വര്‍ധനയ്‌ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറഞ്ഞതോടെ വര്‍ധന ആവശ്യപ്പെട്ടുള്ള കെ എസ് ഇ ബി യുടെ അപേക്ഷയില്‍ റെഗുലേറ്ററി കമ്മീഷന്‍ അടുത്ത ആഴ്ച തീരുമാനം എടുക്കും.
വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കാന്‍ അനുമതി തേടി കെ എസ് ഇ ബി മാസങ്ങള്‍ക്ക് മുന്‍പ് റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ വ്യവസായ കണക്ഷന്‍ ഗുണഭോക്താക്കള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസമാണ് വിധിയുണ്ടായത്. വര്‍ധന ഹൈക്കോടതി പൂര്‍ണമായും തടഞ്ഞിട്ടില്ല. പകരം ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള ബോര്‍ഡിന്റെ ബാധ്യത താരിഫ് വര്‍ധനയിലൂടെ ഈടാക്കരുതെന്നാണ് നിര്‍ദേശം.