News

ഇരട്ടനരബലി നടന്ന വീട്ടുവളപ്പിൽ ഇന്ന് ജെസിബിയും നായ്കളേയും ഉപയോഗിച്ച് പരിശോധന

15 October 2022 , 9:20 AM

 

 

പത്തനംതിട്ട: ഇലന്തൂർ  ഇരട്ട നരബലിക്കേസില്‍ കൂടുതല്‍ മൃതദേഹത്തിനായി  ഭഗവൽ സിംഗിന്‍റെയും ലൈലയുടേയും  വീട്ടുപറമ്പിൽ കുഴിച്ച് പരിശോധന നടത്തും. പ്രതികൾ കൂടുതൽ സ്ത്രീകളെ നരബലിയ്ക്ക് ഇരയാക്കിയോ എന്ന സംശയദൂരീകരണത്തിനാണ് പരിശോധന. ജെസിബി ഉപയോഗിച്ചാകും പുരയിടത്തിൽ കുഴികളെടുത്ത് പരിശോധന നടത്തുക.

മൃതദേഹം മണത്ത് കണ്ടുപിടിക്കാൻ കഴിയുന്ന കെടാവർ നായകളെയും  ഉപയോഗിക്കും. രാവിലെ മൂന്ന് പ്രതികളെയും  കൊച്ചിയിൽ നിന്ന് പത്തനംതിട്ടയിലെത്തിച്ചാണ് പരിശോധനയും തെളിവെടുപ്പും' മുഹമ്മദ് ഷാഫിയെക്കുറിച്ചുള്ള വിശദമായ അന്വേഷണവും ഇന്ന് തുടരും.

വീട്ടുവളപ്പിൽ പരമാവധി കുഴികളെടുത്ത് പരിശോധന നടത്താനാണ് പൊലീസിൻ്റെ തീരുമാനം. മറ്റേതെങ്കിലും മൃതദേഹങ്ങൾ മറവു ചെയ്തോ എന്ന് കണ്ടെത്താനാണ് ഇത്രയും വലിയ തെരച്ചിൽ നടത്തുന്നത്. മൂന്ന് പ്രതികളും മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയെങ്കിൽ അവരുടെ മൃതദേഹം ഈ വീട്ടുവളപ്പിൽ തന്നെയാവും കുഴിച്ചിട്ടിരിക്കുക എന്ന നിഗമനത്തിലാണ് കുഴിയെടുത്ത് സംശയം തീര്‍ക്കാൻ പൊലീസ് തീരുമാനിച്ചത്.