Sports

കാര്യവട്ടം കാർണിവലിൽ ടീം ഇന്ത്യക്ക് തകർപ്പൻ ജയം

28 September 2022 , 10:07 PM

 

തിരുവനന്തപുരം:  ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ ട്വൻ്റി - 20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിൻ്റെ തകർപ്പൻ വിജയം. 107 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് സൂര്യകുമാർ യാദവിൻ്റെ മികച്ച ഇന്നിംഗ്സാണ് വിജയ വഴി തെളിച്ചത്. 56 ബോളിൽ 51 റൺസെടുത്ത ഓപ്പണർ കെ എൽ രാഹുൽ ശ്രദ്ധയോടെ ബാറ്റ് ചെയ്തപ്പോൾ സൂര്യ കുമാർ യാദവ് പതിവ് ശൈലിയിൽ ബാറ്റ് വീശി. നേരത്തേ ക്യാപ്റ്റൻ രോഹിത് ശർമ്മയേയും 0 (2), വിരാട് കോലിയേയും 3 (9) നഷ്ടമായ ഇന്ത്യയെ മൂന്നാം വിക്കറ്റിലെ മികച്ച കൂട്ടുകെട്ടിലൂടെ ഇരുവരും വിജയ തീരത്തെത്തിക്കുകയായിരുന്നു. സൂര്യകുമാർ 33 ബോളിൽ 50 റൺസും കെ എൽ രാഹുൽ 56 ബോളിൽ 51 റൺസുമെടുത്ത് പുറത്താകാതെ നിന്നു. നേരത്തേ ടോസ് നേടി ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ച ഇന്ത്യൻ ക്യാപ്റ്റൻ്റെ തീരുമാനം പാളിയില്ല. ബൗളർമാർ നിറഞ്ഞാടിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ മുൻ നിര മുട്ടുമടക്കി. ആദ്യ ഓവറിൻ്റെ അവസാന ബോളിൽ ക്യാപ്റ്റൻ തെംബു ബാവുമയെ ക്ലീൻ ബോൾ ചെയ്ത് ദീപക് ചാഹറാണ് തകർച്ചയ്ക്ക് തുടക്കമിട്ടത്. രണ്ടാം ഓവറിൽ അർഷദീപ് സിംഗ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക പരുങ്ങലിലായി. ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 9 റൺസ് എന്ന നിലയിലായ സന്ദർശകരെ കേശവ് മഹാരാജ് എയ്ഡൻ മാർക്രം സഖ്യമാണ് ഒരു പരിധി വരെ കളിയിലേക്ക് മടക്കി കൊണ്ടുവന്നത്. എന്നാൽ ഹർഷൽ പട്ടേലിൻ്റെ ബോളിൽ മാർക്രം മടങ്ങിയതോടെ  ദക്ഷിണാഫ്രിക്ക വീണ്ടും പതറി. ഏഴാം വിക്കറ്റ് സഖ്യത്തിൽ പാർനലിനൊപ്പം മഹാരാജ് 26 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി. 37 ബോളിൽ 24 റൺസെടുത്ത പാർനലിനെ അക്സർ പട്ടേൽ മടക്കിയതോടെ ആ കൂട്ടുകെട്ടും പിരിഞ്ഞു. അവസാനം വരെ പിടിച്ചു നിന്ന കേശവ് മഹാരാജിനെ ഹർഷൽ പട്ടേൽ വീഴ്ത്തിയതോടെ സന്ദർശകർക്ക് മറ്റൊന്നും ചെയ്യാനായില്ല. 35 ബോളിൽ 41 റൺസെടുത്ത മഹാരാജ് തന്നെയാണ് അവരുടെ ടോപ്പ് സ്കോറർ. നാല് ബാറ്റർമാരാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ സംപൂജ്യരായി മടങ്ങിയത്. ഇന്ത്യയ്ക്കായി അർഷദീപ് സിംഗ് മൂന്നും, ഹർഷൽ പട്ടേൽ, ദീപക് ചാഹർ  എന്നിവർ രണ്ട് വിക്കറ്റുകളും വീഴ്ത്തി. സ്കോർ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 8 ന് 106, ഇന്ത്യ 16. 4 ഓവറിൽ 110/2.