Sports

സിംബാബ്‌വെയെ 71 റൺസിന് തകർത്ത് ഇന്ത്യ ട്വൻ്റി 20 ലോകകപ്പ് സെമിയിൽ

06 November 2022 , 5:00 PM

 

മെൽബൺ: ട്വൻ്റി 20 ലോകകപ്പിൽ സിംബാബ്‌വെയെ 71 റൺസിന് തകർത്ത് ആധികാരികമായി ഇന്ത്യ സെമി ഫൈനലിൽ എത്തി.നേരത്തെ നെതർലൻ്റിനോട് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടതോടെ ഇന്ത്യയുടെ സെമി ബർത്ത് ഉറപ്പായിരുന്നെങ്കിലും അവസാന ലീഗ് മത്സരത്തിലും ഉജ്വല വിജയം ഇന്ത്യ നേടിയെടുക്കുകയായിരുന്നു. സൂര്യകുമാർ യാദവിൻ്റെ വെടിക്കെട്ട് ബാറ്റിംഗിൻ്റെ പിൻബലത്തിൽഇന്ത്യ ഉയർത്തിയ 186 വിജയ ലക്ഷ്യം പിന്തുടർന്ന സിംബാവേ 17.2 ഓവറിൽ 115 റൺസിന് ഓൾ ഔട്ടായി. 22 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് സിംബാവയേ തകർത്തത്. മുഹമ്മദ് ഷമി, ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.റയാൻ ബൾ 35 (22), സിക്കന്ദർ റാസ 34 (24) എന്നിവർക്ക് മാത്രമാണ് സിംബാവേ നിരയിൽ പിടിച്ചു നില്ക്കാനായത്.നേരത്തേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയെ മിന്നും ഫോമിലുള്ള സൂര്യകുമാറിൻ്റെ തകര്‍പ്പന്‍  ഇന്നിംഗ്സാണ് മികച്ച  സ്കോറിൽ കൊണ്ടെത്തിച്ചത്.

25 ബോളിൽ പുറത്താകാതെ 61 റൺസാണ് സൂര്യ നേടിയത്. ഇതിൽ ആറ് ഫോറും, നാല് സിക്സും ഉൾപ്പെടുന്നു.ഇന്ത്യക്കായി വിരാട് കോലി 26 (25), കെ.എൽ രാഹുൽ 51 (35) എന്നിവരും തിളങ്ങി. സെമിയിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. രണ്ടാം സെമിയിൽ ന്യൂസിലൻ്റ് പാകിസ്ഥാനെ നേരിടും.