News

സ്വതന്ത്രര്‍ക്കും വരുന്നു നിയന്ത്രണം: അയോഗ്യനാക്കപ്പെടുമെന്ന് ഹൈക്കോടതി

04 October 2022 , 2:02 PM

 

കൊച്ചി: സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി.തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ പിന്നീട് ഏതെങ്കിലും മുന്നണിയിലോ രാഷ്ട്രീയ പാര്‍ട്ടിയിലോ ചേര്‍ന്നാലാണ് അയോഗ്യനാക്കപ്പെടുന്നത്.  കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കാമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കോതമംഗലം കീരംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബാ ജോര്‍ജിനെ അയോഗ്യയാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ശരിവെച്ചാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ സംവിധാനങ്ങളും നിയമവാഴ്ചയും ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് കൂറുമാറ്റ നിരോധന നിയമം നടപ്പാക്കിയത്. ജനാധിപത്യത്തിലും തെരഞ്ഞെടുപ്പിലും ജനങ്ങള്‍ക്കുള്ള വിശ്വാസം കാക്കാന്‍ കൂറുമാറ്റത്തിന്റെ കാര്യത്തില്‍ കര്‍ശനമായ നിലപാടെടുക്കണമെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ശരിവെച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ ഷീബ നല്‍കിയ അപ്പീല്‍ തള്ളിയാണ് ഉത്തരവ്. സ്വതന്ത്രയായി മത്സരിച്ച ഷീബ സി.പി.എമ്മിന്റെ ഭാഗമാകുകയായിരുന്നു. സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സി.പി.എമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ച് ജയിച്ചതെന്നാണ് എഴുതി നല്‍കിയത്. സ്വതന്ത്രയായി ജയിച്ചതിനു ശേഷം ഇത്തരത്തില്‍ എഴുതി നല്‍കിയതിലൂടെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യയാക്കപ്പെട്ടെന്ന് കോടതി വിലയിരുത്തി.