News

ട്രെയിനില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം; പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

05 November 2022 , 11:04 AM

 

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ട്രെയിനില്‍ അശ്ലീല പ്രദര്‍ശനം. തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികളായ സഹോദരങ്ങള്‍ക്കായിരുന്നു ദുരനുഭവം ഉണ്ടായത്. ഇന്നലെ ഉച്ചയോടെയായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോയ കോട്ടയം എക്‌സ്പ്രസിലായിരുന്നു സംഭവം നടന്നത്.
പെണ്‍കുട്ടികളെ നോക്കി ഇയാള്‍ അശ്ലീല ചേഷ്ടകളായിരുന്നു ആദ്യം കാണിച്ചത്. വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി വിദ്യാര്‍ത്ഥികളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചിരുന്നു. ഇതോടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. ദൃശ്യങ്ങള്‍ പകര്‍ത്തുകയാണെന്ന് അറിഞ്ഞതോടെ ഇയാള്‍ വര്‍ക്കലയില്‍ ഇറങ്ങിയെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കാലിന് സുഖമില്ലാത്തയാളാണ് അശ്ലീല പ്രദര്‍ശനം നടത്തിയത് എന്നാണ് പെണ്‍കുട്ടികളില്‍ നിന്നും ലഭിക്കുന്ന വിവരം. സംഭവത്തില്‍ പോലീസില്‍ പരാതിയൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി റെയില്‍വേ പോലീസ് അറിയിച്ചു. സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കും.