News

കുട്ടനാട്ടിലെ സി.പി.എം അംഗങ്ങള്‍ സി.പി.ഐ യില്‍ പോയ സംഭവം: പരസ്പരം പോരടിച്ച് നേതാക്കള്‍

21 September 2023 , 4:09 PM

 

ആലപ്പുഴ: ഒരു വിഭാഗം നേതാക്കളും അണികളും സി.പി.ഐയിലേക്ക് പോയതിന് പിന്നാലെ കുട്ടനാട്ടില്‍ നേതാക്കള്‍ പരസ്പരം പോരടിക്കുന്നു.
റിവിഷനിസ്റ്റുകളെ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിക്ക് നന്നായി അറിയാമെന്നും പാര്‍ട്ടി വിട്ടവരെ വെച്ച് ജാഥ സംഘടിപ്പിക്കുന്നത് കാണണമെന്നും സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ.പ്രസാദ് കഴിഞ്ഞദിവസം രാമങ്കരിയിലെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ തുറന്നടിച്ചു. ഒരു ജാഥ സംഘടിപ്പിച്ചാല്‍ അടുത്ത ദിവസം അതിലും വലിയ ജാഥ സംഘടിപ്പിക്കുമെന്നും സി.പി.എം ജില്ലാ സെക്രട്ടറിയെ അധിക്ഷേപിച്ചാല്‍ സി.പി.ഐയുടെ അഖിലേന്ത്യാ സെക്രട്ടറിയെ അധിക്ഷേപിക്കുമെന്നും പ്രസാദ് പറഞ്ഞു.
പാര്‍ട്ടി വിട്ടവര്‍ പോയത് ഈര്‍ക്കിലി പാര്‍ട്ടിയിലേക്കാണെന്നായിരുന്നു സി.പി.എം കുട്ടനാട് ഏരിയാ കമ്മിറ്റി അംഗം സി.പി ബ്രീവന്റെ പരിഹാസം.
അണ്ണാന്‍ വാ പൊളിക്കുന്ന പോലെ ആനയ്ക്ക് പറ്റുമോ. കഴുതയെ പോലെ ചിന്തിക്കുന്ന കുറെ മനുഷ്യരാണ് പാര്‍ട്ടിവിട്ടതെന്നും ബ്രീവന്‍ പറഞ്ഞു.
കുട്ടനാട്ടില്‍ പാര്‍ട്ടി വിട്ടവരെ വെല്ലുവിളിച്ചും ഇവര്‍ക്ക് അംഗത്വം നല്‍കിയ സി.പി.ഐയെ പരിഹസിച്ചുമാണ് വിവിധയിടങ്ങളില്‍ സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങള്‍ പങ്കെടുത്ത രാഷ്ട്രീയ വിശദീകരണയോഗങ്ങള്‍ നടന്നത്.  
എന്നാല്‍ ഇന്ന് ജില്ലയിലെ സി പി എം നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് സി.പി.ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പ്രസ്ഥാവനയിറക്കി. ബി ജെ പി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ കുട്ടനാട്ടിലെ ജാഥകളെ സി പി ഐ വിരുദ്ധ ജാഥകളാക്കി മാറ്റിയ ചില സി പി എം നേതാക്കളുടെ ലക്ഷ്യം ദുരൂഹമാണെന്ന് സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്. സി പി എം തീരുമാനിച്ചാല്‍ സി പി ഐ ഇല്ലാതാകുമെന്ന് പ്രസംഗിച്ചയാള്‍ പൊട്ടക്കുളത്തിലെ തവളയാണ്. പാര്‍ട്ടി ഭിന്നിപ്പിനെ പ്രകീര്‍ത്തിക്കുന്നവര്‍ 'സ്പ്ലിറ്റ് സിന്‍ഡ്രോം'എന്ന രോഗം ബാധിച്ചവരാണ്.
രോഗം ഒരു കുറ്റമല്ല,എന്നാല്‍ അത് ചികിത്സിക്കപ്പെടണം. വലതുപക്ഷ രാഷ്ട്രീയത്തിനൊപ്പം സി പി ഐ കൂട്ടുകൂടിയെന്ന വികല ഗവേഷണം നടത്തുന്നവര്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലും തൃപുരയിലും സി പി എം കോണ്‍ഗ്രസിന് ഒപ്പമായിരുന്നുവെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുത്. കേരളത്തില്‍ സി പി ഐയോടൊപ്പം നിന്ന ഘട്ടങ്ങളില്‍ മാത്രമാണ് സി പി എമ്മിന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചിട്ടുള്ളത്.
സി പി എമ്മിന്റെ ദേശീയ, സംസ്ഥാന കമ്മറ്റികളുടെ നയത്തിന് വ്യത്യസ്തമായാണ് ജില്ലയിലെ ചില നേതാക്കളുടെ പ്രസംഗങ്ങള്‍. കുട്ടനാട്ടില്‍ സി പി എം വിട്ടവര്‍ തുടര്‍ന്നും ചെങ്കൊടിയേന്തി മുന്നോട്ടു പോകുവാനുള്ള നിശ്ചയ ദാര്‍ഢ്യത്തെ സ്വാഗതം ചെയ്യുവാനാണ് സി പി ഐ തീരുമാനിച്ചത്. അവര്‍ ചെങ്കൊടി ഉപേക്ഷിച്ച് മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്നിരുന്നുവെങ്കില്‍ ഇത്തരം ജാഥകളും പ്രസംഗങ്ങളും ഉണ്ടാകുമായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യമാണ് സി പി ഐയുടെ ലക്ഷ്യമെന്നും അതാണ് ജനങ്ങളും ആഗ്രഹിക്കുന്നതെന്നും അഞ്ചലോസ് പ്രസ്താവനയില്‍ പറഞ്ഞു.