News

മരം മുറിച്ചപ്പോൾ പക്ഷികൾ താഴെ വീണ് ചത്ത സംഭവം: വനംവകുപ്പ് കേസെടുത്തു

02 September 2022 , 2:05 PM

 

മലപ്പുറം:  ദേശീയപാത വികസനത്തിനായി മരങ്ങള്‍ മുറിച്ചു മാറ്റുമ്പോള്‍ പക്ഷികള്‍ വീണു ചത്ത സംഭവത്തില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് കേസെടുത്തു. ജെസിബി ഡ്രൈവറെയും വാഹനവും കസ്റ്റയിലെടുത്തു. മലപ്പുറം വികെ പടി അങ്ങാടിയ്ക്ക് സമീപം ആയിരുന്നു. ജെ.സി.ബി ഉപയോഗിച്ച് മരം ചുവടോടെ മറിച്ചിടുമ്പോൾ പക്ഷി കുഞ്ഞുങ്ങൾ താഴെ വീണ് ചാകുന്ന വീഡിയോ കരളലിയിപ്പിക്കുന്നതായിരുന്നു. ഇത് കണ്ട പ്രദേശവാസി സോഷ്യൽ മീഡിയായിൽ ഇട്ടേതോടെയാണ് ലോകം സംഭവം അറിഞ്ഞത്.

വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്ററും സോഷ്യല്‍ ഫോറസ്ട്രി നോര്‍ത്തേണ്‍ റീജിയൻ കണ്‍സര്‍വേറ്ററും ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും സ്ഥലം സന്ദര്‍ശിച്ച് കൂടുതല്‍ നടപടി സ്വീകരിക്കും. മരം മുറിച്ചതിനെ തുടർന്ന് ഷെഡ്യൂള്‍ നാല് വിഭാഗത്തില്‍ ഉള്‍പ്പെട്ട നീര്‍ക്കാക്കളും കുഞ്ഞുങ്ങളും ചത്തിരുന്നു.

സംഭവത്തെ ക്രൂരമായ നടപടിയെന്ന് വിശേഷിപ്പിച്ച വനംമന്ത്രി എ.കെ. ശശീന്ദ്രന്‍, വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഇതു ചെയ്തതെന്ന് പറഞ്ഞു. മരം മുറിക്കാന്‍ അനുമതിയുണ്ടായാലും പക്ഷികളും പക്ഷിക്കൂടുകളുമുള്ള മരങ്ങളാണെങ്കില്‍ അവ ഒഴിഞ്ഞു പോകുന്നതു വരെ മുറിച്ചു മാറ്റരുതെന്ന വനം വകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ചാണ് ഇത് ചെയ്തതെന്നും മന്ത്രി പറഞ്ഞു.