Sports

മൊറോക്കൻ മതിൽ ഭേദിച്ച് ഫ്രാൻസ് ലോകകപ്പ് ഫൈനലിൽ

15 December 2022 , 2:24 AM

 

 

അൽബെയ്ത്ത് സ്റ്റേഡിയം(ദോഹ): ഖത്തർ ലോകകപ്പിലെ ആവേശകരമായ രണ്ടാം സെമി ഫൈനലിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് മൊറോക്കയെ കീഴടക്കി നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് ഫൈനലിൽ കടന്നു. തിയോ ഹെർനാണ്ടസ് നേടിയ ഗോളിനാണ് മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ ഫ്രാൻസ് മുന്നിലെത്തിയത്. ആഫ്രിക്കൻ കരുത്തരായ മൊറോക്കോ ഫ്രാൻസിന് കടുത്ത വെല്ലുവിളി ഉയർത്തി ഉജ്വല പ്രകടനമാണ് കാഴ്ചവച്ചത്. മൊറോക്കോക്ക് ഡിഫൻഡിങ് മാത്രമല്ല അറ്റാക്കിങ് കൂടി വഴങ്ങുമെന്ന് തെളിയിച്ച ആദ്യ പകുതിയിൽ പക്ഷേ ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞില്ല.

മൊറോക്കൻ പ്രതിരോധം പിളർത്തിയാണ് ഫ്രാൻസ് അഞ്ചാം മിനിട്ടിൽ ആദ്യ ഗോൾ നേടിയത്. വരാനെ ഒരുക്കിയ ത്രൂബോളിൽനിന്ന് അന്‍റോയിൻ ഗ്രീസ്മാൻ നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് ഹെർണാണ്ടസിന്‍റെ ഗോൾ പിറന്നത്. ഈ ലോകകപ്പിൽ മൊറോക്കോയുടെ ഗോൾവല കുലുക്കുന്ന ആദ്യ എതിർ ടീം കളിക്കാരനായി തിയോ ഹെർണാണ്ടസ്. രണ്ടാം പകുതിയിൽ ഫ്രാൻസിൻ്റെ നീലപ്പട രണ്ടാം ഗോൾ കൂടി നേടിയതോടെ ഗാലറിയിൽ നിറഞ്ഞിരുന്ന മൊറോക്കൻ ആരാധകരിൽ നിരാശ പടർന്നു. 79-ാം മിനിട്ടിൽ എംബാപ്പയുടെ പാസിൽ നിന്ന് കൊളോ മൗനിയാണ് ഗോൾ നേടിയത്.

ഞായറാഴ്ച നടക്കുന്ന കലാശ പോരാട്ടത്തിൽ ഫ്രാൻസ് അർജൻ്റീനയെ നേരിടും. ലോകകപ്പിൽ  തുടർച്ചയായി രണ്ടാം തവണയാണ് ഫ്രാൻസിൻ്റെ ഫൈനൽ പ്രവേശം.