News

കെ. വിദ്യക്ക് ജാമ്യം അനുവദിച്ച് കോടതി

24 June 2023 , 4:36 PM

 

പാലക്കാട്: വ്യാജരേഖക്കേസില്‍ കെ. വിദ്യക്ക് കോടതി ജാമ്യം അനുവദിച്ചു. മണ്ണാര്‍കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കേസിലാണ് മുന്‍എസ്എഫ്‌ഐ നേതാവ് കെ.വിദ്യ  അറസ്റ്റിലായത്. ബുധനാഴ്ച രാത്രി കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് അഗളിപൊലീസ് വിദ്യയെ പിടികൂടുന്നത്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനം ലഭിക്കാന്‍ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്. മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണു പൊലീസ് കേസ് എടുത്തത്. ജൂണ്‍ 6ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് എടുത്ത കേസ് പിന്നീട് പാലക്കാട് അഗളി പൊലീസിനു കൈമാറുകയായിരുന്നു. വ്യാജരേഖയുണ്ടാക്കല്‍ (468), യഥാര്‍ഥ രേഖയെന്ന മട്ടില്‍ അത് ഉപയോഗിക്കല്‍ (471) എന്നീ കുറ്റങ്ങളാണു കേസിലുള്ളത്.