News

ഭാര്യയെ മറ്റൊരാള്‍ക്ക് കാഴ്ചവെച്ചു : ഭർത്താവ് അറസ്റ്റില്‍

27 August 2022 , 12:46 PM

 

കോഴിക്കോട്: ഭാര്യയെ മറ്റൊരാൾക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയ കുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍. ബലാത്സംഗ ക്കേസ് ചുമത്തി വേളം പെരുവയല്‍ സ്വദേശി അബ്ദുള്‍ലത്തീഫാണ് (35) അറസ്റ്റിലായത്. ഇയാളുടെ ഭാര്യയായ 27 കാരിയെ മറ്റൊരാൾക്ക് പീഡിപ്പിക്കാൻ അവസരമൊരുക്കുകയായിരുന്നു. തൊട്ടിൽപ്പാലത്തിന് സമീപത്തെ ഒരുഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും വെച്ച് രണ്ടുതവണ  പീഡിപ്പിച്ചുവെന്നാണ് പരാതി. ഇയാളുടെ അടുത്തേക്ക് വാഹനത്തില്‍ എത്തിച്ച് നല്‍കുകയും മറ്റൊരിക്കല്‍ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുകയും ചെയ്ത് പണം കൈപ്പറ്റിയെന്ന കുറ്റത്തിനാണ് ഭര്‍ത്താവിനെ പേരാമ്പ്ര സി.ഐ. എം. സജീവ് കുമാര്‍ അറസ്റ്റ് ചെയ്തത്. അബ്ദുള്‍ ലത്തീഫിന്റെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പേരാമ്പ്ര മജിസ്ട്രേറ്റ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് 14-ന് യുവതിയെ കാണാതായെന്ന് ഉമ്മ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പോലീസിന്റെ മുന്നിലെത്തുന്നത്. ആശുപത്രിയില്‍ ഉമ്മയ്‌ക്കൊപ്പം ഡോക്ടറെ കാണാനായി പോയ സമയത്താണ് യുവതിയെ കാണാതാകുന്നത്. തുടര്‍ന്ന് 15-ന് പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. മരിക്കണമെന്ന ഉദ്ദേശ്യത്തോടെ കൊയിലാണ്ടി ഭാഗത്തേക്ക് ഇറങ്ങിത്തിരിച്ചതാണെന്നും പിന്നീട് മക്കളെ ഓര്‍ത്ത് മനംമാറ്റം വന്നതിനാല്‍ ബന്ധുവീട്ടില്‍ പോയി തിരികെ വരുകയായിരുന്നുവെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്. ഇതിനൊപ്പമാണ് 2018-ല്‍ പീഡനത്തിന് ഇരയായതിന്റെ കാര്യം യുവതി വെളിപ്പെടുത്തിയത്. ഭർത്താവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.