News

"ദേവു"വിനെ മുന്‍ നിര്‍ത്തിയുള്ള തട്ടിപ്പ്: 'ഫീനിക്‌സ്' കപ്പിള്‍ കുടുക്കിയത് എത്രപേരെ?? അന്വേഷണം തുടങ്ങി പോലീസ്

01 September 2022 , 9:29 PM

 

പാലക്കാട്: സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്ന 'ഫീനിക്‌സ് കപ്പിള്‍' കുടുക്കിയത് എത്രപേരെ.....? ചതിക്കുഴികളില്‍ വീണ് പണവും ശരീരവും കേടായ യുവാക്കള്‍ എത്ര പേര്‍. ഇവരെയെല്ലാം കൊണ്ടുവന്ന് ഫീനിക്‌സ് കപ്പിളിന്‍െ്‌റ കേസിലെ കുറ്റപത്രം സമര്‍പ്പിക്കാനായി കേരള പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇതിനായി പ്രതികളെ ഒരുമിച്ചിരുത്തി പോലീസ് ചോദ്യം ചെയ്യും. പാലക്കാട് ഇരിങ്ങാലക്കുട സ്വദേശിയായ  വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കുകയാണ് പോലീസ്. ഈ കേസില്‍ രണ്ടുപേര്‍ കൂടി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. 

തൃശ്ശൂര്‍ ചാലക്കുടി സ്വദേശികളായ ഇന്ദ്രജിത്ത്(20) റോഷിത്(20) എന്നിവരെയാണ് പാലക്കാട് സൗത്ത് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. വൈറല്‍ ദമ്പതിമാര്‍ അടക്കം ആറുപേരെയാണ് നേരത്തെ പൊലീസ് പിടികൂടിയത്.   കൊല്ലം സ്വദേശിയും എറണാകുളം കാക്കനാട്ട് താമസക്കാരിയുമായ ദേവു (24), ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശിയായ ഗോകുല്‍ദീപ് (29), കോട്ടയം പാലാ സ്വദേശി ശരത് (24), തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24),  ജിഷ്ണു (20) എന്നിവരാണ് ചൊവ്വാഴ്ച പിടിയിലായത്.  കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. തേന്‍കെണിയൊരുക്കാന്‍ ദമ്പതിമാരെയും സംഘത്തേയും  സഹായിച്ചവരെ തേടിയാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം വ്യാപിച്ചിട്ടുള്ളത്. പ്രതികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ദേവുഗോകുല്‍ ദമ്പതികള്‍ക്ക് രണ്ട് അക്കൗണ്ടുകളിലായി അരലക്ഷത്തിലേറെ ഇന്‍സ്റ്റഗ്രാം ഫോളേവേഴ്‌സ് ഉണ്ട്. അറസ്റ്റിന് പിന്നാലെ റീല്‍സിന് താഴെ അധിക്ഷേപ കമന്റുകളുടെ പെരുമഴയാണ്. ഇതില്‍ ഇവരെക്കുറിച്ചുള്ള ആരോപണങ്ങളുണ്ട്. ഇതെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടുതല്‍ പരാതികള്‍ എത്തുമോയെന്നും പൊലീസ് നോക്കുന്നുണ്ട്.  

ആര്‍ഭാട ജീവിതത്തിന് പണം കണ്ടെത്താനായി ഹണി ട്രാപ്പൊരുക്കിയ വൈറല്‍ ദമ്പതിമാരുടെ ജീവി രീതികളെല്ലാം നിരീക്ഷിച്ച് വരികയാണ് പൊലീസ്.  ആര്‍ഭാട ജീവിതം തുടരാന്‍ പണക്കാരെ ഉന്നംവച്ച് ഹണിട്രാപ്പ് ഒരുക്കി എന്നാണ് പൊലീസ് കണ്ടെത്തല്‍. 

ഇരിങ്ങാലക്കുടയിലെ വ്യവസായിയെ വീഴ്ത്താന്‍ രണ്ടാഴ്ച മാത്രമാണ് എടുത്തതെന്ന് പൊലീസ് പറയുന്നു. ഹണിട്രാപ്പില്‍ പെട്ടാല്‍ പലരും പരാതിപ്പെടില്ല എന്നതായിരുന്നു പ്രതികളുടെ ആത്മവിശ്വാസം. ഇവര്‍ കുടുക്കിയ എല്ലാവരുടേയും പ്രായം 35ല്‍ താഴെയാണ്. ഇരയുടെ വിശ്വാസം ആര്‍ജിക്കുന്നത് വരെ സാമൂഹിക മാധ്യമങ്ങളിലൂടെ മാത്രമാണ് പ്രതികള്‍ ബന്ധപ്പെടുക. വിശ്വാസം ഉറപ്പിക്കാന്‍ ഏതറ്റംവരേയും പോകും എന്നതായിരുന്നു ഇവരുടെ രീതി. 

പെണ്‍കുട്ടിയുടെ വീട് പാലക്കാട് ആണെന്നാണ് പറഞ്ഞിരുന്നത്. അതിനാണ് യാക്കരയില്‍ മൂപ്പതിനായിരം രൂപ മാസ വാടകയില്‍ 11 മാസത്തേക്ക് വീട് പോലും വാടകയ്ക്ക് എടുത്തത്. മുഖ്യസൂത്രധാരന്‍ പാലാ സ്വദേശി ശരത്തിനെതിരെ മോഷണം ഭവനഭേദനം അടക്കം പന്ത്രണ്ടോളം കേസുണ്ട്. ഈ സംഘം കേരളത്തിലുടനീളം സഞ്ചരിച്ചിട്ടുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഈ പ്രദേശങ്ങളിലുള്ളവരെ തേന്‍ കെണിയില്‍ പെടുത്തിയിട്ടുണ്ടാകാം എന്നാണ് പോലീസിന്‍െ്‌റ വിലയിരുത്തല്‍.