News

നിങ്ങളുടെ ആധാർ ഉപയോഗിച്ച് മറ്റാരെങ്കിലും ഫോൺ ഉപയോഗിക്കുന്നുണ്ടോ ? എളുപ്പത്തിലറിയാനൊരു വഴിയുണ്ട്..

05 October 2022 , 11:32 AM

 

തിരുവനന്തപുരം: നമുക്ക് സിം കാർഡ് എടുക്കണമെങ്കിൽ ആധാർ കാർഡ് നിർബന്ധമാണ്. എന്നാൽ നമ്മുടെ ആധാർ കാർഡുപയോഗിച്ച് എത്ര സിം കണക്ഷനുകൾ ഉണ്ടെന്ന് നമ്മുക്ക് അറിയുകയില്ല. ഈ കാലഘട്ടത്തിൽ ആധാര്‍ കാര്‍ഡിന്റെ ദുരുപയോഗവും വര്‍ധിച്ചിട്ടുണ്ട്. പലപ്പോഴും തങ്ങളുടെ ആധാര്‍ കാര്‍ഡ് മറ്റു ചിലര്‍ ദുരുപയോഗം ചെയ്യുന്നതായി അറിയണമെന്നില്ല. ചിലപ്പോള്‍ മറ്റുള്ളവര്‍ ആധാര്‍ കാര്‍ഡ് ഉടമയുടെ പേരില്‍ വായ്പയോ സിം കാര്‍ഡോ വരെ എടുത്ത് തട്ടിപ്പിന് ഇരയാക്കിയെന്നും വരാം. തട്ടിപ്പ് തടയുന്നതിന് 2019ലാണ് സിം കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയം നിര്‍ദേശിച്ചത്. തങ്ങളുടെ പേരില്‍ എത്ര സിം കാര്‍ഡ് ഉണ്ടെന്ന് തിരിച്ചറിയാന്‍ ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് ഒരു വെബ്‌സൈറ്റിനും രൂപം നല്‍കിയിട്ടുണ്ട്. വെബ്‌സൈറ്റില്‍ കയറി വിവരങ്ങള്‍ കൈമാറിയാല്‍ തങ്ങളുടെ പേരില്‍ ആരെങ്കിലും സിം കാര്‍ഡ് എടുത്തിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും.

അതിനായി ആദ്യം tafcop.dgtelecom.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. തുടർന്ന് വരുന്ന സ്ക്രീനിൽ മൊബൈല്‍ നമ്പര്‍ നല്‍കുക. അതിനു ശേഷം ഒടിപി റിക്വിസ്റ്റില്‍ ക്ലിക്ക് ചെയ്യുക. ഒടിപി നമ്പര്‍ നല്‍കിയ ശേഷം വാലിഡേറ്റില്‍ ക്ലിക്ക് ചെയ്യുക.

അപ്പോൾ പേരിന്റെയോ ആധാര്‍ നമ്പറിന്റെയോ അടിസ്ഥാനത്തില്‍ അനുവദിച്ചിരിക്കുന്ന സിം നമ്പര്‍ അറിയാന്‍ സാധിക്കും.

പട്ടികയില്‍ അജ്ഞാത നമ്പര്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇടതുവശത്തുള്ള ചെക്ക് ബോക്‌സില്‍ ക്ലിക്ക് ചെയ്ത് പുതിയ നമ്പര്‍ റിപ്പോര്‍ട്ട് ചെയ്യുക.തുടര്‍ന്ന് ടെലികോം സേവന ദാതാക്കളെ വിളിച്ച് നമ്പര്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടി സ്വീകരിക്കുക.