News

കോവളത്ത് ഹോട്ടല്‍ ജീവനക്കാരി തൂങ്ങി മരിച്ച നിലയില്‍

30 October 2022 , 1:50 PM

 

തിരുവനന്തപുരം: കോവളത്ത് ഹോട്ടല്‍ ജീവനക്കാരിയായ യുവതിയെ വാടക വീട്ടില്‍ അടുക്കളയിലെ കര്‍ട്ടണ്‍ സ്പ്രിംഗില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോവളത്തെ സ്വകാര്യ ഹോട്ടല്‍ ജീവനക്കാരിയായ സിക്കിം ടിബറ്റ് റോഡ്  യാംഗ്‌ടോക്ക് സ്വദേശിനി വേദന്‍ഷി കുമാരി(24) യെയാണ് ഇന്നലെ രാവിലെ വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. രണ്ട് സിക്കിം സ്വദേശിനികളും മൂന്ന് മലയാളികളുമാണ് വാടക വീടിന്റെ മുകളിലത്തെ നിലയില്‍ താമസിച്ചിരുന്നത്. രാത്രി വരെ ഫോണ്‍ ചെയ്തിരിക്കുന്നത് കണ്ടുവെന്നും രാവിലെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടുവെന്നുമാണ് ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിന് മൊഴി നല്‍കിയത്.
അടുക്കളയിലെ കര്‍ട്ടണ്‍ സ്പ്രിംഗില്‍ തൂങ്ങിമരിച്ചതിനാല്‍ മൃതദേഹം തറയില്‍ തട്ടി ഇരിക്കുന്ന നിലയില്‍ ആയിരുന്നു. സംഭവത്തില്‍ പ്രഥമദൃഷ്ട്യാ ദുരൂഹതയില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും കോവളം എസ്എച്ച്ഒ ബിജോയ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.