News

'വീട്ടില്‍ നിന്നു പോകുന്നവര്‍ തിരികെ ശവപ്പെട്ടിയില്‍ വരരുത്': ഹൈക്കോടതി

20 September 2022 , 10:09 AM

 

കൊച്ചി: വീട്ടില്‍ നിന്നിറങ്ങുന്നവര്‍ ശവപ്പെട്ടിയില്‍ അല്ല, സുരക്ഷിതമായും ജീവനോടെയും മടങ്ങിവരുമെന്ന് ഉറപ്പാക്കാനാണു കോടതി ശ്രമിക്കുന്നതെന്നു റോഡുകളുടെ ശോചനീയവസ്ഥ സംബന്ധിച്ച കേസില്‍ ഹൈക്കോടതി. റോഡിലൂടെ യാത്ര ചെയ്ത ശേഷം സുരക്ഷിതമായി മടങ്ങി വരാനാകുമെന്നുള്ള ഉറപ്പ് ലഭിക്കാന്‍ എത്രനാള്‍ കാത്തിരിക്കണമെന്ന് അറിയില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. യാഥാര്‍ത്ഥ്യം കാണണമെങ്കില്‍ റോഡിലെ കുഴി മൂലം അപകടമുണ്ടായി മരിച്ചയാളുടെ വീട്ടില്‍ പോകണം. 

        അപകടം ഒരു തലമുറയെ മുഴുവന്‍ നശിപ്പിക്കുകയാണ്. എന്‍ജിനീയര്‍ അറിഞ്ഞിട്ടും കുഴി അടയ്ക്കാത്തതു മൂലമുള്ള  അപകടങ്ങള്‍ മറ്റെവിടെയും ഉണ്ടാകുന്നില്ല. റോഡുകളിലെ അറ്റകുറ്റപ്പണി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു. റോഡ് തകര്‍ന്നാല്‍ പ്രാഥമിക ഉത്തരവാദിത്തം എന്‍ജിനീയര്‍മാര്‍ക്ക് ആയിരിക്കും. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കില്ല. 

       സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കണമെന്നു പൊതുമരാമത്ത് വകുപ്പിനായി സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചപ്പോള്‍ ഖജനാവ് മുഴുവന്‍ ഒന്നിച്ചു വയ്ക്കുന്നതിനെക്കാള്‍ ഒരു പൗരന്റെ ജീവനു മൂല്യമുണ്ടെന്നു കോടതി പറഞ്ഞു. മഴ പെയ്താല്‍ കുഴി വരുമെന്നാണു പറയുന്നത്. മഴ വന്നാല്‍ കുടയെടുക്കണമെന്നു കേട്ടിട്ടുണ്ട്. മഴ വന്നാല്‍ കുഴി വരുമെന്ന് ആദ്യമായിട്ടാണു കേള്‍ക്കുന്നതെന്നു കോടതി പറഞ്ഞു.

        റോഡിലെ കുഴിയില്‍ ബൈക്ക് വീണ് പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന കുഞ്ഞുമുഹമ്മദ് മരിച്ച സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ആലുവ  പെരുമ്പാവൂര്‍ റോഡിന്റെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയറോടു ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നു പൊതുമരാമത്ത് വകുപ്പ്, കേരള റോഡ് ഫണ്ട് ബോര്‍ഡ് സൂപ്രണ്ടിങ് എന്‍ജിനീയര്‍, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ ഹാജരായിരുന്നു. റോഡിന്റെ മോശം അവസ്ഥയെക്കുറിച്ച് ഉന്നത അധികൃതരെ അറിയിച്ചെങ്കിലും റോഡിന്റെ നിയന്ത്രണം കേരള റോഡ് ഫണ്ട് ബോര്‍ഡിനു കൈമാറാന്‍ നിര്‍ദ്ദേശമുള്ളതിനാല്‍ നടപടിയെടുക്കേണ്ടെന്നാണ് അറിയിച്ചതെന്നു പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍മാര്‍ അറിയിച്ചു. 

      എന്നാല്‍, റോഡിന്റെ ചുമതല ജൂണ്‍ 27നാണു ലഭിച്ചതെന്നും 'റെക്കോര്‍ഡ് വേഗത്തില്‍' ജൂലൈ 14നാണു ജോലി ആരംഭിച്ചതെന്നും കേരള റോഡ് ഫണ്ട് ബോര്‍ഡ് എന്‍ജിനീയര്‍മാര്‍ അറിയിച്ചു. എന്നാല്‍, ഇതാണ് പ്രശ്‌നമെന്നു കോടതി പറഞ്ഞു. ആഴ്ചകള്‍ക്കു മുന്‍പേ റോഡ് മോശം അവസ്ഥയിലായിരുന്നു. കുറച്ച് ആഴ്ചകള്‍ക്കു ശേഷമാണ് ജോലി ആരംഭിച്ചത്. ഇതാണ് 'റെക്കോര്‍ഡ് വേഗം എന്നു പറയുന്നത്. ഈ മന്ദഗതി അനുവദിക്കാനാവില്ല. 2018 ഒക്ടോബറില്‍ കോടതി ഇക്കാര്യത്തില്‍ ഉത്തരവിട്ടതാണ്. എന്നാല്‍, നാലു വര്‍ഷത്തിനു ശേഷവും സാഹചര്യങ്ങള്‍ മാറിയിട്ടില്ലെന്നും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ഗിച്ചു.