News

സംസ്ഥാനത്ത് അതിതീവ്ര മഴ: നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

29 September 2023 , 4:18 PM

 

തിരുവനന്തപുരം: സംസ്ഥാനത്ത് അതി തീവ്രമായ മഴ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. മറ്റ് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടതോടെയാണ് മഴസാധ്യത പ്രവചിക്കുന്നത്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ - ഗോവ തീരത്തിന് സമീപം ന്യൂന മര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 24, മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ചു പടിഞ്ഞാറു -വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യത.

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 48, മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ചു വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിച്ച് ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തേ മുന്നറിയിപ്പ് വന്നിരുന്നു.