News

മുസ്ലിം യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം: അഞ്ചു പേർ അറസ്റ്റിൽ

27 July 2023 , 7:30 AM

 

 

കാസർകോട്: മണിപ്പൂർ വിഷയത്തിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് 5 പേരെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ നേതാക്കളടക്കം 307 പേർക്കെതിരെ പൊലീസ് കേസും എടുത്തു.

        മുദ്രാവാക്യം വിളിച്ച കല്ലൂരാവി ചിറമ്മൽ ഹൗസിലെ അബ്ദുൽ സലാം(18), കല്ലൂരാവി ഹൗസിലെ ഷെരീഫ് (38), കാലിച്ചാനടുക്കം അൻവർ മൻസിലിലെ ആഷിർ(25), ഇക്ബാൽ റോഡിലെ പി.എച്ച്. അയൂബ് (45), പടന്നക്കാട് കരക്കക്കുണ്ട് ഷംല മൻസിലിലെ പി. മുഹമ്മദ്‌ കുഞ്ഞി (55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി ഫൈസൽ ബാബു, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കൊളത്തൂർ, മുസ്തഫ തായന്നൂർ, കുഞ്ഞാമു കൊളവയൽ, സമദ് കൊളവയൽ, റഫീഖ് കൊത്തിക്കാൽ എന്നിവർക്കും കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കുമെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിട്ടുമുണ്ട്. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി, യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി എന്നിവരാണ് പരാതി നൽകിയത്. 153 എ, 143, 147, 149 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

      അതേസമയം, റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കാഞ്ഞങ്ങാട് സ്വദേശി അബ്ദുൽ സലാമിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് അറിയിച്ചു. ലീഗിന്റെ ആശയങ്ങൾക്കു വിരുദ്ധമായ രീതിയിലും അച്ചടിച്ചു നൽകിയതിൽ നിന്നു വ്യതിചലിച്ചും വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ചതു മാപ്പർഹിക്കാത്ത തെറ്റായിട്ടാണ് പാർട്ടി കാണുന്നതെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി. 

       കാസർകോട് ജില്ലയിൽ ഉടനീളം പൊലീസ് കർശന സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. സമൂഹമാധ്യമം വഴി വർഗ്ഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന ആളുകളെ കണ്ടെത്താൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. വർഗ്ഗീയച്ചുവയുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ആളുകൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുക്കും. ഗ്രൂപ്പുകളിൽ ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്നത് കണ്ടാൽ ഗ്രൂപ്പ്‌ അഡ്മിൻമാരെയും പ്രതി ചേർക്കും. ബുധനാഴ്ച മുതൽ രാത്രികാലങ്ങളിൽ കർശന വാഹന പരിശോധനയും തുടങ്ങി. അനാവശ്യമായി കറങ്ങി നടക്കുന്നവരെ മുൻകരുതലായി അറസ്റ്റ് ചെയ്യുന്നുണ്ട്.