News

ഭിന്നശേഷിക്കാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി: സംഭവം ആലപ്പുഴയിൽ, പ്രതി പിടിയിൽ

28 January 2023 , 9:13 AM

 

ആലപ്പുഴ: ചാരുംമൂട്ടിൽ ഭിന്നശേഷിക്കാരിയായ യുവതിയെ ബലാൽക്കാരമായി പിടിച്ചു കൊണ്ടു പോയി  ക്രൂരമായി ബലാത്സം​ഗം ചെയ്ത സംഭവത്തിലെ പ്രതി അറസ്റ്റിൽ.  നൂറനാട് സ്വദേശി പ്രണവ് (27) നെയാണ്  നൂറനാട് സി ഐ ശ്രിജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ജനുവരി 24  ചൊവ്വാഴ്ചയായിരുന്നു നാടിനെ ഞെട്ടിച്ച ക്രൂര സംഭവം. പോലീസ് പറയുന്നത് ഇങ്ങനെ: സന്ധ്യാനേരത്ത് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ലഹരിമരുന്നിന് അടിമയായ പ്രണവ് തടഞ്ഞുനിർത്തി. മോശമായി പെരുമാറാൻ തുടങ്ങിയതിനെ തുടർന്ന്

എതിർപ്പ് പ്രകടിപ്പിച്ച യുവതിയെ ബലം പ്രയോഗിച്ച്  വാപൊത്തി പിടിച്ച് എടുത്ത് അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി വസ്ത്രങ്ങൾ വലിച്ചു കീറി.  ശേഷം വലിച്ചിഴച്ച് പ്രതിയുടെ വീട്ടിലെത്തിച്ച് ക്രൂരമായി ബലാത്സം​ഗം ചെയ്തു. ഭിന്നശേഷിക്കാരിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിൽ യുവതിയുടെ റോഡിൽ  കൈവശം ഉണ്ടായിരുന്ന ഫോണും പാത്രങ്ങളും കണ്ടെത്തി. പ്രതി റോഡിൽ വച്ച് യുവതിയുമായി ഉണ്ടായ പിടിവലിക്കിടയിൽ യുവതിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പാത്രങ്ങളും റോഡിൽ വീണിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അവശനിലയിലായ യുവതിയെ പ്രതിയായ പ്രണവിൻ്റെ വീട്ടിൽ കണ്ടെത്തിയത്.  ദേഹമാസകലം നിരവധി മുറിവുകളുമായി യുവതി അവശനിലയിൽ ആയിരുന്നു. യുവതിയെ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് മാവേലിക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് കത്തികാട്ടി പ്രണവ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതി മൊഴി നൽകി. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.