News

കരിപ്പൂരില്‍ മൂന്ന് കോടിരൂപയുടെ സ്വര്‍ണവുമായി അഞ്ച് പേര്‍ പിടിയില്‍

28 January 2023 , 4:19 PM

 

മലപ്പുറം: കരിപ്പൂര്‍ വിമാനതാവളംവഴി കടത്താനായി ശരീരത്തിലൊളിപ്പിച്ച് കൊണ്ടുവന്ന് മൂന്ന് കോടിരൂപയുടെ സ്വര്‍ണവുമായി അഞ്ച്‌പേര്‍ പിടിയില്‍.
ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ അഞ്ചു യാത്രക്കാരില്‍ നിന്നുമായി മുന്ന് കോടി രൂപ വിലമതിക്കുന്ന 5.719 കിലോഗ്രാം സ്വര്‍ണമിശ്രിതം എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. എയര്‍ ഇന്‍ഡ്യ  എക്‌സ് പ്രസ് വിമാനത്തില്‍ ഇന്നലെ രാത്രി ദുബായില്‍ നിന്നും വന്ന കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയായ കലംതോടന്‍  സല്‍മാനുല്‍ ഫാരിസില്‍ (21) നിന്നും 959 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി.

ഇന്ന് രാവിലെ ഗള്‍ഫ് എയര്‍ വിമാനത്തില്‍ ജിദ്ദയില്‍ നിന്നും ബഹ്റൈന്‍ വഴി എത്തിയ മലപ്പുറം  സ്വദശികളായ മുന്ന് യാത്രക്കാരില്‍ നിന്നുമായി 3505 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് പിടിച്ചത്. വള്ളുവമ്പ്രം സ്വദേശിയായ തയ്യില്‍ തൊടി നൗഷാദില്‍ (37) നിന്നും 1167 ഗ്രാം സ്വര്‍ണ്ണമിശ്രിതവും ആമയൂര്‍ സ്വദേശിയായ കൊട്ടകോടന്‍ ജംഷീര്‍മോനില്‍ (36)നിന്നും 1168 ഗ്രാം സ്വര്‍ണ്ണമിശ്രിതവും പന്തല്ലൂര്‍ സ്വദേശിയായ കുവപ്പിലം മുഹമ്മദ് അസ്ലാമില്‍ (34)നിന്നും 1170 ഗ്രാം സ്വര്‍ണ്ണമിശ്രിതവും ആണ് ലഭിച്ചത്.

ഇന്ന് രാവിലെ ദുബായില്‍ നിന്നും ഫ്ളൈ ദുബായ് വിമാനത്തില്‍ എത്തിയ കോഴിക്കോട് അത്തോളി സ്വദേശിയായ ഐനിപ്പുറത്ത് ഷറഫുദീനില്‍ (28) നിന്നും 1255 ഗ്രാം സ്വര്‍ണ്ണമിശ്രിതവുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടികൂടിയ 5 യാത്രക്കാരും സ്വര്‍ണ്ണമിശ്രിതം  അടങ്ങിയ 4 ക്യാപ്‌സ്യൂളുകള്‍ വീതം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുവച്ചാണ് കള്ളകടത്തിന് ശ്രമിച്ചത്. ഈ യാത്രക്കാര്‍ക്ക് ടിക്കറ്റ് അടക്കം ഏകദേശം ഒരു ലക്ഷം രൂപ വീതമാണ് കള്ളക്കടത്തു സംഘം വാഗ്ദാനം ചെയ്തിരുന്നത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതം വേര്‍തിരിച്ചെടുത്തശേഷം ഈ കേസുകളില്‍ യാത്രക്കാരുടെ അറസ്റ്റും മറ്റു തുടര്‍നടപടികളും സ്വീകരിക്കുന്നതാണ്.