News

മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് മര്‍ദ്ദനമേറ്റ അച്ഛന്‍ ആത്മഹത്യചെയ്ത സംഭവം: പ്രതികളെ പിടികൂടാനായില്ല

22 January 2023 , 12:28 PM

 

കൊല്ലം: മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് മദ്യപ സംഘത്തിന്റെ മര്‍ദ്ദനമേറ്റ അച്ഛന്‍ ആതമഹത്യചെയ്ത സംഭവം. പ്രതികള്‍ക്കായി വലവിരിച്ച് പോലീസ്. പ്രതികളായ ഇടുക്കി സ്വദേശി ആന്‍സന്‍, ആയൂര്‍ സ്വദേശികളായ ഫൈസല്‍, മോനിഷ്, നൗഫല്‍ എന്നിവരെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല. ആന്‍സനാണ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. മര്‍ദനമേറ്റതിന്റെ തൊട്ടടുത്ത ദിവസം  രാത്രി 9 മണിയോടെയാണ് വീടിന് പിന്നിലെ ഷെഡില്‍ അജയകുമാറിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
 മരിച്ച അജയ് കുമാറിന്റെ ഭാര്യയുടെയും മകളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയത്.
കഴിഞ്ഞ പതിനെട്ടാം തിയ്യതി ട്യൂഷന്‍ കഴിഞ്ഞ്  മകള്‍ക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് നാല് പേരടങ്ങിയ സംഘം അജയകുമാറിനെയും മകളെയും അസഭ്യം പറഞ്ഞത്. മകളെ വീട്ടിലെത്തിച്ച ശേഷം തിരികെയെത്തിയ അജയകുമാര്‍, സംഘത്തിന്റെ പ്രവര്‍ത്തിയെ ചോദ്യംചെയ്തു. ഇതോടെ സംഘം അജയകുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. മര്‍ദ്ദനത്തില്‍ അജയകുമാറിന്റെ കണ്ണിനും മുഖത്തും പരുക്കേറ്റു. പോലീസില്‍ കേസ് നല്‍കാനും പരാതിപ്പെടാനും ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടെങ്കിലും സംഘം വീണ്ടും മര്‍ദ്ദിക്കുമോയെന്ന് ഭയന്ന് പരാതിപ്പെടാന്‍ അജയകുമാര്‍ തയ്യാറായില്ല. പിറ്റേന്ന് രാത്രിയാണ് അജയകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യപസംഘത്തിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു.