News

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ എറണാകുളത്തെ സ്ഥാപന ഉടമ അറസ്റ്റിൽ

30 June 2023 , 12:10 AM

 

കായംകുളം: എം എസ്‌ എം കോളേജില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പി ജി പ്രവേശനം നേടിയ കേസില്‍ മൂന്നാം പ്രതി പിടിയില്‍.

എറണാകുളം ഒറിയോണ്‍ എഡ്യു കഫേ നടത്തിപ്പുകാരൻ സജു ശശിധരനെയാണ് കായംകുളം എസ്‌ എച്ച്‌ ഒ മുഹമ്മദ് ഷാഫിയും സംഘവും പാലാരിവട്ടത്തുനിന്ന് അറസ്റ്റ് ചെയ്തത്.

കേസിലെ ഒന്നാംപ്രതി നിഖില്‍ തോമസിന് കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഈ ഏജൻസിവഴിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 

രണ്ടാംപ്രതി കണ്ടല്ലൂര്‍ സ്വദേശി അബിൻ സി രാജ് മുഖേനയായിരുന്നു നിഖിലിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഇതിനായി രണ്ടുലക്ഷം രൂപ നല്‍കി. 

നിഖില്‍ തോമസിന്റെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കും. കസ്റ്റഡി കാലാവധി നീട്ടിനല്‍കാൻ അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു. അബിൻ സി രാജ് റിമാൻഡിലാണ്. കസ്റ്റഡിയില്‍ വാങ്ങുന്നതിന് പൊലീസ് ഇന്ന് അപേക്ഷ നല്‍കും.