News

സൂചികുത്താനിടമില്ലാതെ യാത്ര: ശ്വാസംമുട്ടി ആലപ്പുഴ -എറണാകുളം മെമു യാത്രികര്‍

12 September 2023 , 3:37 PM

 


ആലപ്പുഴ: ദിനംപ്രതി അന്യജില്ലകളിലേയ്ക്ക് യാത്രചെയ്ത് ജോലിക്ക് പോകുന്നവര്‍ സമയലാഭവും ധനലാഭവും ലക്ഷ്യംവച്ച് സഞ്ചരിക്കാന്‍ ഉപയോഗിക്കുന്ന ഒരു പ്രധാനയാത്രമാമാര്‍ഗമാണ് മെമു ട്രെയിന്‍. എന്നാല്‍ ഓണത്തിന് മുന്‍പ് തുടങ്ങിയ തിരക്കിന് ഇതുവരെ ശമനമില്ലാത്തത് മെമുയാത്രികര്‍ക്ക് ദുരിതമാകുകയാണ്. ആലപ്പുഴ -എറണാകുളം മെമുവില്‍ തിരക്കേറിയതുമൂലം യാത്രക്കാര്‍ക്ക് നിന്ന് തിരിയാന്‍ പോലും സ്ഥലമില്ലാതായി. രാവിലെ 7.25 ന് ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിലാണ് ഈ അവസ്ഥ.ഓണത്തിന് രണ്ടാഴ്ചമുന്‍പേ ഈ തിരക്ക് ഉണ്ടായിരുന്നെങ്കിലും ഓണം കഴിയുമ്പോള്‍ തിരക്ക് അവസാനിക്കും എന്നാണ് സ്ഥിരം യാത്രക്കാര്‍ കരുതിയിരുന്നത്. എന്നാല്‍ ഓണംകഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും തിക്കിനും തിരക്കിനും യാതൊരു അവസാനമില്ല. പ്രായമായവരും സ്ത്രീകളും ഉള്‍പ്പെടെ നിരവധി പേരാണ് നിന്ന് യാത്ര ചെയ്യേണ്ടി വരുന്നത്. മെമു കഴിഞ്ഞാല്‍ കായംകുളത്ത് നിന്ന് 8.50 ന് എറണാകുളത്തേയ്ക്ക് പാസഞ്ചറാണുള്ളത്. വൈകിട്ടും തിരക്കിന്റെ അവസ്ഥ സമാനമാണ്. തിരക്കിന്റെ അവസ്ഥയ്ക്ക് ബന്ധപ്പെട്ടവര്‍ ഉടന്‍പരിഹാരം കണ്ടില്ലങ്കില്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുവാന്‍ ഒരുങ്ങുകയാണ് ട്രെയിന്‍ യാത്രികരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ്.