News

നെടുമ്പാശേരി വിമാനത്താവളത്തില്‍ 60 കോടിയുടെ ലഹരി മരുന്ന് പിടികൂടി

21 August 2022 , 5:37 PM

 

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ ലഹരി മരുന്നു വേട്ട. യാത്രക്കാരനില്‍ നിന്നും 60 കോടി രൂപ വിലമതിക്കുന്ന 30 കിലോ ലഹരി മരുന്ന് പിടിച്ചെടുത്തു. സിംബാബ്‌വെയില്‍നിന്നു ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരന്‍ നായരില്‍ നിന്നാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. കസ്റ്റംസ് നര്‍കോട്ടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തലില്‍ പിടിച്ചത് മെഥാ ക്വിനോള്‍ ആണെന്നാണ് നിഗമനം.

രാജ്യാന്തര വിപണിയില്‍ അറുപതു കോടിയോളം വിലവരും. പിടിച്ചെടുക്കപ്പെട്ട ലഹരി വസ്തു തുടര്‍ പരിശോധനക്കായി സര്‍ക്കാര്‍ ലബോറട്ടറിയിലേക്ക് അയച്ചു. കൊച്ചിയില്‍നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രക്കായി എയര്‍ ഏഷ്യ വിമാനത്തില്‍ കയറുന്നതിനിടെയാണ് ബാഗേജ് പരിശോധന നടത്തിയത്.

വിമാനത്താവളത്തിലെ അത്യാധുനിക 'ത്രിഡി എംആര്‍ഐ' സ്‌കാനിങ് യന്ത്രം ഉപയോഗിച്ച് വിമാനത്താവളത്തിലെ തന്നെ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാഗിന്റെ രഹസ്യ അറിയില്‍ ഒളിപ്പിച്ചിരുന്ന ലഹരി വസ്തു കണ്ടെത്തിയത്.