News

കഞ്ഞിപ്പാടം പാലത്തിനടിയിൽ മയക്കുമരുന്ന് സംഘം തമ്പടിക്കുന്നു : അന്വേഷിക്കാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, മൂന്നുപേർക്ക് പരിക്ക്, പോലീസ് ഉദ്യോഗസ്ഥന ടങ്ങിയ മയക്കുമരുന്ന് സംഘമെന്ന് ആക്രമണത്തിനിരയായ എക്സൈസ് ഉദ്യോഗസ്ഥന്റെ കുറിപ്പ്

19 August 2023 , 3:46 PM

 

 

ആലപ്പുഴ:മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണത്തിൽ മഫ്ത്തിയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക്പരിക്ക്.കുട്ടനാട് എക്സൈസ് സർക്കിൾ ഓഫീസിലെ സി ഐ എ ആർ കൃഷ്ണകുമാർ, സിവിൽ എക്സൈസ് ഓഫീസർ ജി ആർ ശ്രീരണദിവെ, പ്രിവന്റീവ് ഓഫീസർ എച്ച് നാസർ എന്നിവരെയാണ് 15 ഓളം വരുന്ന സംഘം ആക്രമിച്ചത്. ഇന്നലെ രാത്രി 9.30 ഓടെ കഞ്ഞിപ്പാടം - വൈശ്യംഭാഗം പാലത്തിന് താഴെയായിരുന്നു സംഭവം. ഇവിടെ മദ്യ മയക്കുമരുന്നു സംഘം സ്ഥിരമായി തമ്പടിക്കുന്നു എന്ന വിവരത്തെ തുടർന്ന് പരിശോധനക്കെത്തിയപ്പോഴായിരുന്നു അക്രമണം. വിവരമറിഞ്ഞെത്തിയ അമ്പലപ്പുഴ പൊലീസ് മൂവരേയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണദിവെയുടെ പരിക്ക് ഗുരുതരമാണ്.

 

 

തുടർന്ന് പരിക്കേറ്റ ഒരു എക്സൈസ് ഉദ്യോഗസ്ഥൻ ഈ അവസ്ഥ വിവരിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു അത് വൈറലാവുകയാണ്

 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം : 

 

നിങ്ങൾ എത്ര കൊല്ലാൻ ശ്രമിച്ചാലും....

മദ്യ-മയക്കുമരുന്ന് സംഘത്തിനെതിരെയുള്ള പോരാട്ടത്തിൽ മുന്നിൽ തന്നെ അണിനിരക്കും..

 

കുട്ടനാടൻ പ്രദേശങ്ങളിൽ കഞ്ചാവും മാരകമായ മയക്കുമരുന്നുകളും കൈമാറ്റം ചെയ്യുന്നത് കഞ്ഞിപ്പാടം പാലത്തിലും അതിനടിയിലുമാണ്.. നിരവധി പരാതികളാണ് എക്സൈസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്..രാത്രിയിൽ പാലത്തിനു അടിവശം ആളുകൾ കൂടിയിരിക്കുന്നതുകണ്ട് കുട്ടനാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്കുമൊപ്പം മഫ്തിയിൽ വന്ന പ്രിവന്റിവ് ഓഫിസർ എച്ച്.നാസ്സറും ഞാനും കൂടി പരിശോധിക്കാനിറങ്ങി.  ഞങ്ങൾ എക്സൈസ്കാരാന്ന് പറയുകയും പൊതുസ്ഥലത്തു മദ്യപിക്കുകയും മയക്കുമരുന്നു ഉപയോഗിക്കുകയും ചെയ്ത അവർ ഞങ്ങളെ അക്രമിക്കുകയായിരുന്നു. ഞങ്ങൾ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സതേടി. എന്റെ തലയോട്ടിക്കു പൊട്ടലും മൂക്കിൽ കല്ലുകൊണ്ട് ഇടിച്ചു മൂന്നു കുത്തിക്കെട്ടും  ചുണ്ട്, കാൽ എന്നിവക്ക് മുറിവും ഉണ്ടായി. ലഹരിക്കെതിരായുള്ള പ്രവർത്തനവുമായി നമ്മൾ മുന്നോട്ട് പോകുമ്പോൾ ലഹരിമാഫിയകൾ താവളമാക്കിയ കഞ്ഞിപ്പാടം പാലത്തിനടിയിൽ ഇത്തരക്കാർക്ക് കൂട്ടുനിക്കുകയും നിയമം നടപ്പാക്കാൻ വന്ന എക്സൈസ് ഉദ്യോഗസ്ഥരെ കൂട്ടംകൂടി ആക്രമിച്ചതും ഒരു പോലിസ് കാരനാണ് എന്നത്  ഈ നാടിനെ എങ്ങോട്ടാണ് നയിക്കുന്നത്. നിങ്ങൾ അക്രമിച്ചു എന്നെ ഇല്ലാതാക്കാൻ നോക്കിയപ്പോൾ ഞാൻ വരുന്നതും കാത്തിരിക്കുന്ന എന്റെ ഏഴു വയസുള്ള മകൾ എന്നെയും പ്രതീക്ഷിചിരിക്കുന്ന ഒരു കുടുംബം എന്നെ സ്നേഹിക്കുന്നവർ കുറച്ചു നേരമെങ്കിലും ഒന്നും അറിയാതെ വിഷമിച്ചു. ഈ രാജ്യത്തെ നശിപ്പിക്കുന്ന മയക്കുമരുന്ന് വിപണനത്തെ ഇല്ലാതാക്കാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്നും നയിക്കുന്ന ഞങ്ങളെ ഇല്ലാതാക്കി കുടുംബങ്ങളെ അനാഥമാക്കുമ്പോൾ ലഹരി ഉപയോഗിച്ച് എത്രഎത്ര കുടുംബങ്ങളാണ് നശിപ്പിക്കപ്പെട്ടുപോയത്.. ലഹരിക്ക് അടിമപ്പെട്ട് മകളെ അച്ഛൻ കൊല്ലുന്നു, ഭാര്യയെ ഭർത്താവും മകനുംകൂടി കൊല്ലുന്നു, കൂട്ടുകാർ പരസ്പരം കുത്തികൊല്ലുന്നു, അച്ഛനും മകനും വഴക്കുണ്ടാക്കി വീട് കത്തിച്ചു കളയുന്നു എത്ര അമ്മമാരുടെ കരച്ചിലാണ് നമ്മൾ കാണുന്നത്. പറഞ്ഞാൽ തീരാത്ത എത്ര സംഭവങ്ങൾ ആണ് നമ്മുടെ ചുറ്റുപാടും നടക്കുന്നത്. അതുകൊണ്ട് മദ്യ മയക്കുമരുന്ന് മാഫിയ സംഘങ്ങളെ നിങ്ങൾ എത്രവേണേലും ഞങ്ങളെ അക്രമിച്ചോളൂ പാതിരാത്രിയിൽ പതിയെ ഇരുന്ന് കൊല്ലാൻ നോക്കിക്കോളൂ അങ്ങനെയൊന്നും തളർന്നു പോകുന്നതല്ല ഈ ജീവനും ജീവിതവും.. ലഹരിക്കെതിരായ പ്രവർത്തനത്തിൽ നിങ്ങൾക്കൊപ്പം നിങ്ങളുടെ മുന്നിൽ ഞങ്ങളും ഉണ്ടാകും.

     ജി. ആർ ശ്രീ രണദിവെ

     സിവിൽ എക്സൈസ് ഓഫീസർ