News

രക്ഷപ്പെട്ട ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് അറസ്റ്റിൽ

Kannur Reporter

16 August 2022 , 3:02 PM

 

പെരിന്തൽമണ്ണ: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ പിടികൂടി. കർണാടക ധർമ്മശാലയിൽ വച്ചാണ്  വിനീഷിനെ പിടികൂടിയത്.  മംഗലാപുരത്ത് നിന്ന് സ്കൂട്ടർ മോഷ്ടിച്ച് വിനീഷ് ധർമ്മശാലയിൽ  എത്തി. അവിടെ നിന്ന് മറ്റൊരു വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മൂന്ന്  മാസത്തിനിടെ  രണ്ടാം തവണയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഫോറൻസിക് വാർഡിൽ നിന്ന് തടവുകാരനായ അന്തേവാസി പുറത്തുകടക്കുന്നത്.  വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു മഞ്ചേരി സ്വദേശിയായ  വിനീഷ്. മാനസികാസ്വാഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഞായറാഴ്ച രാത്രി ഇയാൾ പുറത്തുകടന്നെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞദിവസം ഒരന്തേവാസിയുടെ വിരലിൽ മോതിരം കുടുങ്ങിയത് മുറിച്ചെടുക്കാന്‍ അഗ്നിരക്ഷാ സേന കുതിരവട്ടത്ത് എത്തിയിരുന്നു. ഈ സമയത്ത് വാതിലുകൾ തുറന്നുകിടന്ന അവസരം ഇയാൾ മുതലാക്കിയെന്നാണ് പൊലീസ് നിഗമനം. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ തിരികെപോയിട്ടും വാതിൽ പൂട്ടുന്നതിൽ  വീഴ്ചപറ്റിഎന്നും വിവരമുണ്ട്. സുരക്ഷാ വീഴ്ച ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ പൊലീസ്  ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥർ കുതിരവട്ടത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തിയിരുന്നു.