News

ചെക്ക് പോസ്റ്റുകള്‍ മറികടക്കണമെങ്കില്‍ ഇനി കാത്തു കിടക്കേണ്ട; ഓണ്‍ലൈന്‍ സംവിധാനമായി

22 October 2022 , 2:21 PM

 

പാലക്കാട്: ചെക്ക് പോസ്റ്റുകള്‍ മറികടക്കണമെങ്കില്‍ ഇനി പഴയതുപോലെ മണിക്കൂറുകളോളം കാത്തു കിടക്കേണ്ട. ചെക്ക്‌പോസ്റ്റുകള്‍ ഓണ്‍ലൈനിലാവുകയാണ്. ചെക്ക് പോസ്റ്റ് മൊഡ്യൂള്‍ എന്ന സോഫ്റ്റ്വെയര്‍ സംവിധാനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വാളയാറില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കും കടക്കാന്‍ ടാക്‌സി വാഹനങ്ങള്‍ക്ക് പ്രത്യേക പെര്‍മിറ്റ് വേണമെന്നതിനാല്‍ വലിയ തിരക്കായിരുന്നു അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഇതുവരെ അനുഭവപ്പെട്ടിരുന്നത്. എന്നാല്‍ ഇനിമുതല്‍ പെര്‍മിറ്റ് ഓണ്‍ലൈനായി എടുക്കാം. ചെക്ക് പോസ്റ്റ് മൊഡ്യൂള്‍ എന്ന സോഫ്റ്റ് വെയറിലാണ് ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത്. നേരത്തേകൂട്ടി പെര്‍മിറ്റ് ഓണ്‍ ലൈനായി എടുക്കാം. ഇതിന്റെ രേഖ ചെക്‌പോസ്റ്റുകളില്‍ കാണിച്ച് യാത്ര തുടരാം. നേരത്തെ, മോട്ടോര്‍വാഹനവകുപ്പിന്റെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനാക്കിയിരുന്നെങ്കിലും പ്രത്യേക യാത്രാ പെര്‍മിറ്റിന് നേരിട്ട് ചെക്ക് പോസ്റ്റുകളില്‍ എത്തേണ്ടിയിരുന്നു. ഈ രീതിയാണ് ഓണ്‍ലൈന്‍ സംവിധാനം വന്നതോടെ ഇല്ലാതായത്. ഫീസിലോ, ടാക്‌സിലോ എന്തെങ്കിലും വ്യത്യാസം കണ്ടെത്തുകയാണെങ്കില്‍ അത് അടയ്ക്കാന്‍ താല്‍ക്കാലിക സംവിധാനവും ഏര്‍പ്പെടുത്തി. കേരളത്തിലുള്ള 19 അതിര്‍ത്തി മോട്ടോര്‍ വാഹന വകുപ്പ് ചെക്‌പോസ്റ്റുകളിലും ഇന്നു മുതല്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരും. 19 ചെക്‌പോസ്റ്റുകളില്‍ ഏഴും പാലക്കാട് ആയതിനാലും വാളയാര്‍ കേരളത്തിലെ പ്രധാനപ്പെട്ട ചെക്‌പോസ്റ്റായതുമാണ് സംസ്ഥാന തല ഉദ്ഘാടനം വാളയാറില്‍ നടത്താന്‍ തീരുമാനിച്ചത്. ഉടന്‍ സംസ്ഥാനത്തെ എല്ലാ ചെക്ക്‌പോസ്റ്റുകളും പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആകും. ഇതോടെ സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റുകളില്‍ ഇനി വാഹനങ്ങള്‍ കാത്തു കിടക്കേണ്ട ആവശ്യമില്ലാതായിത്തീരുകയാണ്.