Sports

ഒരു രൂപ പോലും ചെലവില്ലാതെ ക്രിസ്റ്റ്യാനോയുടെ കട്ടൗട്ട്, സാമൂഹ മാധ്യമങ്ങളിൽ താരങ്ങളായി മൂവർ സംഘം

18 November 2022 , 3:10 AM

 

 

മലപ്പുറം:ഖത്തർ ലോകകപ്പിന്‍റെ ആവേശത്തിലാണ് നാടും നഗരവും. ഇഷ്ട ടീമുകളുടെ ഫ്ലക്‌സുകളും കട്ടൗട്ടുകളും നഗരവീഥികൾ കീഴടക്കിക്കഴിഞ്ഞു. അർജന്‍റീന, ബ്രസീൽ, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ വമ്പൻ ടീമുകൾക്ക് വേണ്ടി ഫ്ലക്‌സുകൾ തൂക്കാത്ത ഗ്രാമങ്ങളില്ല മലപ്പുറത്ത്. മൂപ്പത് അടിയിൽ നിന്ന് തുടങ്ങിയ കട്ടൗട്ട് മത്സരം 100 അടിയിലേക്ക് വരെ എത്തിയിട്ടുണ്ട്. മെസി, നെയ്മർ, റൊണാൾഡോ താരങ്ങൾക്കാണ് ആരാധകർ കൂടുതൽ.

എന്നാൽ ഒരു രൂപ പോലും ചെലവില്ലാത്ത തന്‍റെ ഇഷ്ടതാരത്തിന്‍റെ കട്ടൗട്ട് സ്ഥാപിച്ച് സമൂഹ മാധ്യമങ്ങളിൽ താരമായിരിക്കുകയാണ് മലപ്പുറം പെരിന്തൽമണ്ണ മണ്ണാർമലയിലെ കൊച്ചു കുട്ടികൾ. സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ കട്ടൗട്ടാണ് ഫോട്ടോയിൽ വെട്ടിയൊട്ടിച്ച് തങ്ങളുടെ വീടിന് സമീപത്തെ തെങ്ങിൽ സ്ഥാപിച്ചത്. ചിത്രം സാമൂഹ മാധ്യമങ്ങളിൽ താരമായതോടെ നിരവധി പേരാണ് ഇവരെ അനുകൂലിച്ച് രംഗത്തെത്തിയത്.

എട്ടാം ക്ലാസിൽ പഠിക്കുന്ന ഹിഷാൻ, അൻസിഫ്, നാലാം ക്ലാസിൽ പഠിക്കുന്ന മർവാൻ എന്നിവരാണ് ഈ കട്ടൗട്ടിന് പിന്നിൽ. ചിത്രം കണ്ട് പെരുമ്പാവൂരിൽ നിന്നുള്ള ഒരാൾ വിളിച്ചിവരുന്നുവെന്നും സ്വന്തം ചെലവിൽ കട്ടൗട്ട് സ്ഥാപിച്ച് തരാമെന്നും ഈ കുട്ടികൾ പറയുന്നു. സ്‌പോർട്‌സ് പേജിൽ വന്ന ക്രിസ്റ്റ്യാനോയുടെ 'തല' രൂപപ്പെടുത്തിയത്.കാർഡ് ബോർഡ് കൊണ്ട് കൈയ്യും കാലും നിർമിച്ചു. ഒപ്പം പോർച്ചുഗൽ ടീമിന്‍റെ ജഴ്‌സിയുടെ കളർ പെയിന്‍റ് കൊണ്ട് അടിക്കുകയും ചെയ്തു. താഴെ 'റൊണാൾഡോ ജാൻസ് മണ്ണാർമല' എന്നെഴുതുകയും ചെയ്തു. സ്വദേശമായ മണ്ണാർമല ഈസ്റ്റിൽ മാത്രമല്ല, മലപ്പുറത്തും ഈ കുട്ടികൾ ഇപ്പോൾ താരങ്ങളാണ്.