Sports

ലോകകപ്പ് ഫുട്ബോളിൽ നിന്ന് ബ്രസീൽ പുറത്ത്; ക്രൊയേഷ്യ സെമിയിൽ

09 December 2022 , 11:18 PM

 

ദോഹ: ലോകകപ്പ് ഫുട്ബോളിൽ നിന്ന്  ബ്രസീൽ പുറത്ത്. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട ആവേശപോരാട്ടത്തിലാണ് ക്രൊയേഷ്യ ബ്രസീലിനെ കീഴടക്കി സെമിഫൈനലിൽ പ്രവേശിച്ചത്.

നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയായിരുന്നു. അധിക സമയത്തെ ആദ്യ പകുതി അവസാനിക്കും മുമ്പാണ് സൂപ്പർ താരം നെയ്മർ ബ്രസീലിനായി ക്രൊയേഷ്യൻ ഗോൾ വല ചലിപ്പിച്ചത്. രണ്ടാം പകുതിയിൽ പെറ്റ് കോവിക്ക് ക്രൊയേഷ്യ ക്കായി ഗോൾ നേടി. ഗോളി ഡൊമിനിക് ലിവ് കോവിക്കാണ് ക്രൊയേഷ്യയുടെ യഥാർത്ഥ വിജയശിൽപ്പിയായത്.

നിശ്ചിത സമയത്തിനുള്ളിൽ എണ്ണം പറഞ്ഞ 11 സേവുകൾ അദ്ദേഹം നടത്തി. ഷൂട്ടൗട്ടിൽ താൻ നേരിട്ട ആദ്യ അവസരത്തിൽ തന്നെ മനോഹരമായ സേവിലൂടെ തൻ്റെ രാജ്യത്തെ ലിവ് കോവിക് വിജയവഴിയിലേക്ക് നയിച്ചു.  ക്രൊയേഷ്യാ രണ്ടാം തവണയാണ് ലോകകപ്പ് സെമിയിലെത്തുന്നത്.1986 ന് ശേഷം ആദ്യമായാണ് ബ്രസീൽ തോല്ക്കുന്നത്. ഇന്നത്തെ മത്സരത്തിൽ നെയ്മർ ഗോൾ നേടിയതോടെ അന്താരാഷ്ട്ര ഗോൾവേട്ടയിൽ നെയ്മർ പെലയ്ക്കൊപ്പമായി.എന്നാൽ ചരിത്ര ഗോൾ നേടിയ നെയ്മർ കരഞ്ഞുകൊണ്ടാണ് എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം വിട്ടത്.

കളിയുടെ ആദ്യ പകുതിയിൽ ക്രൊയേഷ്യ അധിപത്യം പുലർത്തിയെങ്കിലും രണ്ടാം പകുതിയിൽ ബ്രസീൽ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. പക്ഷെ, എത്ര വലിയ തന്ത്രങ്ങൾ ബ്രസീൽ മെനഞ്ഞാലും അതിന്റെയെല്ലാം മുനയൊടിക്കാൻ പോന്ന ഉറച്ച പ്രതിരോധ നിരയായിരുന്നു ക്രൊയേഷ്യയുടേത്. എന്നാൽ എക്ട്രാ ടൈമിൽ ബ്രസീൽ കൂടുതൽ കരുത്താർജ്ജിക്കുന്നതായി കണ്ടു. മനോഹരങ്ങളായ കുറിയ പാസുകളാൽ വലിയ അവസരങ്ങൾ ബ്രസീൽ സൃഷ്ടിച്ചെങ്കിലും പല ഗോൾ അവസരങ്ങളും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല . ക്രൊയേഷ്യയുടെ ലോങ്ങ് പാസുകൾ പലപ്പോഴും ബ്രസീലിന്റെ ഗോൾ മുഖത്തെ സമ്മർദ്ദത്തിലാക്കി. ക്രൊയേഷ്യയുടെ ശരീരിക മികവും ഫൗളും വല്ലാതെ ബ്രസീലിനെ വലച്ചു. എന്നാൽ അതിനെല്ലാം പ്രതികാരമെന്നോണം നൂറ്റി ആഞ്ചാം മിനിറ്റിൽ നെയ്മർ തന്നെ ബ്രസീലിന്റെ രക്ഷകനായി അവതരിക്കുകയായിരുന്നു. ക്രൊയേഷ്യയുടെ ഗോൾ വല കുലുക്കിയ ആ നീക്കം ഗാലറിയെ ത്രസിപ്പിച്ചു. മഞ്ഞപ്പടയുടെ ഗാലറി ആർത്തിരമ്പുമ്പോൾ  കൊയേഷ്യൻ താരങ്ങളുടെയും ആരാധകരുടെയും നെഞ്ചിലേക്ക് ഒരു ചാട്ടുളി പോലെ ആ ഗോൾ കുത്തിക്കയറി. സെമി ഫൈനൽ എന്ന സ്വപ്ന ഭൂമികയിൽ ഇനി ഇല്ലല്ലോ എന്ന മാനസികവ്യഥയിൽ ക്രൊയേഷ്യൻ അണികളുടെ നിരാശ കാണാനായി. എന്നാൽ നുറ്റിപ്പതിനാറാം മിനിറ്റിൽ ക്രൊയേഷ്യൻ താരം മനോഹരമായ ഒരു ഗോൾ തിരിച്ചടിച്ചപ്പോൾ സ്റ്റേഡിയം സന്തോഷക്കണ്ണീരാൽ ആനന്ദ നൃത്തം ചെയ്തു. ഫുൾ ടൈമും എക്ട്രാ ടൈമും കഴിഞ്ഞിട്ടും ഇരു ടീമുകളും ഒരോ ഗോൾ വീതമടിച്ച് സമനിലയിലേക്ക് നീങ്ങി. ഇനി ഒരേ ഒരു ഓപ്ഷൻ മാത്രം പെനാൽറ്റി ഷൂട്ടൗട്ട് എന്ന ഭാഗ്യ നിർഭരമായ ഒരു വിധിയിലേക്ക് നിങ്ങി. ആ വിധി നിർഭാഗ്യമായി മാറിയത് ബ്രസിൽ എന്ന കാൽപന്തുകളിക്കാരുടെ ലോകകപ്പ് മോഹങ്ങൾക്ക് തന്നെയാണ്. 

 

ക്രൊയേഷ്യ 1 - 1 ബ്രസീൽ ( 4 : 2)

🇧🇷 ⚽ നെയ്‌മർ 1O5' 

🇭🇷 ⚽ പെറ്റ്‌കോവിക്ക് 116'