News

രാമങ്കരിയിൽ സി.പി.എം. ഔദ്യോഗികവിഭാഗവും വിമതപക്ഷവും ഏറ്റുമുട്ടി. നേതാക്കളടക്കം അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു

13 February 2023 , 6:20 AM

 

കുട്ടനാട്: രാമങ്കരിയിൽ സി.പി.എം. ഔദ്യോഗികവിഭാഗവും വിമതപക്ഷവും ഏറ്റുമുട്ടി. നേതാക്കളടക്കം അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. രാമങ്കരി ലോക്കൽ കമ്മിറ്റിയംഗം കെ.ടി ശരവണൻ, ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രൻ എന്നിവരുൾപ്പെടെയുള്ളവർക്കാണ് പരിക്ക്. തലയ്ക്കു പരിക്കേറ്റ ഇവരെ ചങ്ങനാശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ വൈകുന്നേരം മാമ്പുഴക്കരി ബ്ലോക്ക് ജങ്ഷനു സമീപമാണ് സംഘർഷത്തിന്റെ തുടക്കം. വേഴപ്രയിൽനിന്നുള്ള സി.പി.എം. വിമതവിഭാഗത്തിൽപ്പെട്ടവരും ഔദ്യോഗികപക്ഷത്തിലെ ചിലരുമായി വാക്കേറ്റമുണ്ടാകുകയും കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് രാമങ്കരിയിൽ വെച്ച് ശരവണനും രഞ്ജിത്തും ഇതു ചോദ്യംചെയ്തതോടെയുണ്ടായ സംഘർഷത്തിലാണ് ഇരുവർക്കും തലയ്ക്കു ഗുരുതരമായി പരിക്കേറ്റത്.

കമ്പിവടിയും കല്ലും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ഔദ്യോഗികപക്ഷം ആരോപിച്ചു. പോലീസ് സ്ഥലത്തെത്തി അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. രാത്രി വൈകി തുടരാക്രമണവുമുണ്ടായി.

മൂന്നുദിവസം മുമ്പ് വിവാഹവീട്ടിൽനിന്ന് ഉടലെടുത്ത തർക്കമാണ് ഞായറാഴ്ച സംഘർഷത്തിനിടയാക്കിയതെന്നു പറയുന്നു. വൻ പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.