News

അച്ചു ഉമ്മനെതിരെയുള്ള സൈബര്‍ പ്രചരണം അതിരുവിട്ടുവെന്ന് സി പി എം വിലയിരുത്തല്‍: അണികള്‍ക്ക് കര്‍ശന താക്കീത് നല്‍കി

24 September 2023 , 2:02 PM

 

കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെയുള്ള സൈബര്‍ പ്രചരണം അതിരുവിട്ടുവെന്ന് സി പി എം വിലയിരുത്തല്‍.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സൈബര്‍ ഗ്രൂപ്പുകളില്‍ നടന്ന പ്രചാരണം അതിരു വിട്ടെന്നാണ് സംസ്ഥാനസമിതി വിലയിരുത്തിയത്.
ഇതിന്റെ പേരില്‍ പാര്‍ട്ടിക്ക് പഴി കേള്‍ക്കേണ്ടി വന്നു. ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേകം നിര്‍ദേശം നല്‍കാനാണ് തീരുമാനം.
മന്ത്രിമാരുടെ ഓഫീസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് സംബന്ധിച്ച് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതിന് വേണ്ട നടപടി സ്വീകരിക്കാന്‍ സി പി എം നിര്‍ദേശം നല്‍കും. മന്ത്രിമാരുടെ ഓഫീസുകള്‍ രാത്രി ഒമ്പത് മണി വരെ പ്രവര്‍ത്തിക്കണമെന്നാണ് ഉയര്‍ന്ന പൊതുനിര്‍ദേശം. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. എ കെ ജി സെന്ററിന് കീഴിലെ സാമൂഹിക മാധ്യമ വിഭാഗത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.  ഉള്ളടക്കം മെച്ചപ്പെടുത്തി സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം നടത്താനാണ് തീരുമാനം. നിരവധി സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും സംസ്ഥാനം മുതല്‍ ലോക്കല്‍ കമ്മിറ്റിതലം വരെ സാമൂഹിക മാധ്യമകമ്മിറ്റികളും ചുമതലപ്പെടുത്തിയവരുമുണ്ടെങ്കിലും ഏകീകൃത സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
കരുവന്നൂരില്‍ പാര്‍ട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കരുവന്നൂരില്‍ തെറ്റായ നിലപാട് ഉണ്ടായിട്ടുണ്ട്. എന്നാല്‍, എല്ലാം പരിഹരിച്ചിട്ടുമുണ്ടെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ശരിയല്ലാത്ത നിലപാടിനെ ശരി എന്ന് പറയാനില്ല. സഹകരണ മേഖലയുടെ മുഖത്ത് ഒന്നും ഏറ്റിട്ടില്ലെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയ കരുവന്നൂര്‍ തട്ടിപ്പില്‍ തൃശൂര്‍ ജില്ലയിലെ നേതാക്കളെ എം വി ഗോവിന്ദന്‍ താക്കീത് ചെയ്തിരുന്നു.
പാര്‍ട്ടി പ്രതിസന്ധി നേരിടുമ്പോള്‍ പാര്‍ട്ടിയെയും നേതാക്കളെയും ഒറ്റുകൊടുക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും ഒറ്റക്കെട്ടായി നില്‍ക്കണമെന്നുമാണ് ഗോവിന്ദന്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ പറഞ്ഞത്.
മുതിര്‍ന്ന നേതാക്കള്‍ക്കില്‍ നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തിയിരുന്നു.