News

കെട്ടിടവാടകതര്‍ക്കം: പാര്‍ട്ടി ഓഫീസില്‍ വെച്ച് സിപിഐ അസിസ്റ്റന്റ് ലോക്കല്‍ സെക്രട്ടറിയ്ക്ക് കുത്തേറ്റു

15 August 2023 , 12:27 PM

 

ഇടുക്കി: പാര്‍ട്ടി ഓഫീസില്‍ വെച്ച് കുത്തേറ്റ സിപിഐ അസിസ്റ്റന്റ് ലോക്കല്‍ സെക്രട്ടറി ആശുപത്രിയില്‍.
കെട്ടിടവാടക തര്‍ക്കത്തെ തുടര്‍ന്ന് ഇടുക്കി രാജാക്കാട് സിപിഐ അസിസ്റ്റന്റ് ലോക്കല്‍ സെക്രട്ടറിക്ക് പാര്‍ട്ടി ഓഫീസില്‍ വെച്ചാണ് കുത്തേറ്റത്‌
സിപിഐ അസിസ്റ്റന്റ് ലോക്കല്‍ സെക്രട്ടറി മുക്കുടില്‍ സ്വദേശി എം.എ ഷിനുവിനാണ് കുത്തേറ്റത്. മുക്കുടില്‍ സ്വദേശിയായ അരുണാണ് ഷിനുവിനെ കുത്തിയത്.
പാര്‍ട്ടി ഓഫീസ് കെട്ടിടത്തിന്റെ മുറികളിലൊന്ന് അരുണ്‍ വാടകക്കെടുത്ത് സിസി ടിവി സര്‍വീസ് സെന്റര്‍ നടത്തുകയായിരുന്നു.
ഒരു ലക്ഷം രൂപ സെക്യൂരിറ്റി തുകയായി നല്‍കിയിരുന്നു. വാടക കുടിശ്ശിക ആയതിനെ തുടര്‍ന്ന് മുറി ഒഴിയണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നോട്ടീസ് നല്‍കി.
ഇതോടെ കഴിഞ്ഞ മാസം ഈ കെട്ടിടത്തില്‍ നിന്നും അരുണ്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മാറ്റി.സെക്യൂരിറ്റി തുകയില്‍ വാടക ഒഴിച്ചുള്ള തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് അരുണ്‍ പാര്‍ട്ടി ഓഫീസില്‍ എത്തുകയും, വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഇതിനിടെ അരുണ്‍ കൈയില്‍ കരുതിയ കത്തി കൊണ്ട് ഷിനുവിനെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ഉടന്‍ തന്നെ പൊലീസെത്തി അരുണിനെ കസ്റ്റഡിയിലെടുത്തു. വയറിന് പരുക്കേറ്റ ഷിനുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.