News

സി.പി.ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ഹരിപ്പാട് ഒരുങ്ങി

Alappuzha Reporter

18 August 2022 , 6:46 PM

 

ആലപ്പുഴ: സിപിഐ 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി 21,22,23,24 തീയതികളിൽ ജില്ലാ സമ്മേളനം ഹരിപ്പാട് ചേരും. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശൻ, ജി കൃഷ്ണപ്രസാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ 20,000 ഓളം പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 330 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 21ന് വൈകിട്ട് 5ന് കെ ഡി മോഹൻനഗറിൽ (നാരകത്തറ) ചേരുന്ന പ്രതിഭാസായാഹ്നം കവി ആലങ്കോട് ലീലാ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ. പി കെ ജനാർദ്ദനക്കുറുപ്പ് അധ്യക്ഷത വഹിക്കും. വയലാർ ശരത്ചന്ദ്രവർമ, ചേർത്തല ജയൻ, ടി ടി ജിസ്മോൻ, എ ഷാജഹാൻ, പി കെ മേദിനി തുടങ്ങിയവർ പങ്കെടുക്കും. ഡി അനീഷ് സ്വാഗതവും എ അജികുമാർ നന്ദിയും പറയും. 22ന് പതാക, ദീപശിഖ, ബാനർ, കൊടിമര ജാഥകൾ പര്യടനം നടത്തും. വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള പതാകജാഥ മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗൺസിൽ അംഗം എം കെ ഉത്തമൻ നയിക്കുന്ന ജാഥയിൽ ഡി പി മധു, സനൂപ് കുഞ്ഞുമോൻ എന്നിവർ വൈസ് പ്രസിഡന്റുമാരും എൻ എസ് ശിവപ്രസാദ് ഡയറക്ടറുമാണ്. വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ വെച്ച് ബാനർജാഥ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി ജ്യോതിസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ നയിക്കുന്ന ജാഥയുടെ വൈസ് ക്യാപ്റ്റൻ അസ്‌ലംഷായും വി മോഹൻദാസ് ഡയറക്ടറുമാണ്. വെൺമണി ചാത്തൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള കൊടിമര ജാഥ സംസ്ഥാന കൗൺസിൽ അംഗം കെ എം ചന്ദ്രശർമ്മ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗൺസിൽ അംഗം കെ എസ് രവിയാണ് ജാഥാ ക്യാപ്റ്റൻ. ആർ സുഖലാൽ വൈസ് ക്യാപ്റ്റനായുള്ള ജാഥയുടെ ഡയറക്ടർ എസ് സോളമനാണ്. വള്ളികുന്നത്തെ സി കെ കുഞ്ഞിരാമന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ദീപശിഖ പ്രയാണം ആരംഭിക്കും. സംസ്ഥാന കൗൺസിൽ അംഗം ജോയിക്കുട്ടി ജോസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗൺസിൽ അംഗം എ ഷാജഹാൻ നയിക്കുന്ന ജാഥയിൽ ആർ അനിൽകുമാർ വൈസ് ക്യാപ്റ്റൻ കെ ചന്ദ്രനുണ്ണിത്താൻ ഡയറക്ടറുമാണ്. പതാക, ദീപശിഖ, ബാനർ, കൊടിമര ജാഥകൾ എ ശിവരാജൻ നഗറിൽ (നാരകത്തറ) 22ന് വൈകിട്ട് 5ന് സംഗമിക്കും. തുടർന്ന് ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ സുകുമാരപിള്ള പതാക ഉയർത്തും. പൊതുസമ്മേളനം റവന്യൂമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിക്കും. പി തിലോത്തമൻ, ടി ജെ ആഞ്ചലോസ്, പി വി സത്യനേശൻ, ജി കൃഷ്ണപ്രസാദ് തുടങ്ങിയവർ സംസാരിക്കും. പി ബി സുഗതൻ സ്വാഗതവും എൻ ശ്രീകുമാർ നന്ദിയും പറയും. തുടർന്ന് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന നാടൻപാട്ട്. 23ന് രാവിലെ 10.30ന് ടി പുരുഷോത്തമൻ നഗറിൽ (റീൻപാലസ് ആഡിറ്റോറിയം) രാവിലെ 10.30ന് വിപ്ലവ ഗായിക പി കെ മേദിനി പതാക ഉയർത്തും. 11ന് പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ദേശിയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായിൽ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു, ദേശിയ കൗൺസിൽ അംഗം കെ പി രാജേന്ദ്രൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും. സ്വാഗതസംഘം ജോയിന്റ് സെക്രട്ടറി കെ കാർത്തികേയൻ സ്വാഗതം പറയും. പ്രതിനിധി സമ്മേളനം 24ന് സമാപിക്കും.