News

കോവിഡ് മരണം: നഷ്ടപരിഹാരം കിട്ടാതെ 3717 കുടുംബങ്ങൾ

26 August 2022 , 9:21 PM

 

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുബത്തിന് ഒരു മാസത്തിനുള്ളിൽ നഷ്ടപരിഹാരം കൊടുത്തു തീർക്കണമെന്നു സുപ്രീം കോടതി നിർദ്ദേശിച്ച് മാസങ്ങൾ പിന്നിട്ടിട്ടും തുക കിട്ടാതെ 3717 കുടുംബങ്ങൾ. സാങ്കേതിക പ്രശ്നങ്ങളുടെ പേരിലാണു നഷ്ടപരിഹാരം വൈകുന്നതെന്ന് സർക്കാർ. കോവിഡ് മൂലം മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു സുപ്രീം കോടതി വിധി.

      ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട പിഴവുകളാണ് ഏറെയും. പിഴവുകൾ പരിഹരിച്ചു നൽകിയവർക്കും തുക കിട്ടാനുണ്ടെന്ന് അപേക്ഷകർ പറയുന്നു. റവന്യു വകുപ്പിനു കീഴിൽ ദുരന്ത നിവാരണ വിഭാഗമാണു തുക അനുവദിക്കുന്നത്.സുപ്രീം കോടതി നിർദ്ദേശപ്രകാരം തിരക്കിട്ടു നഷ്ടപരിഹാരം നൽകാൻ ശ്രമിച്ചപ്പോഴുണ്ടായ പിഴവുകളാണു വൈകാൻ കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം. തെറ്റിയ അപേക്ഷകൾ തിരുത്താനുള്ള സംവിധാനം പോർട്ടലിൽ ഇല്ലാത്തതും പ്രശ്നമായി. എത്രയും വേഗം തുക വിതരണം പൂർത്തിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.