Entertainment

കൂമനും സാറ്റര്‍ഡേ നൈറ്റും നാളെ തീയറ്ററുകളില്‍

03 November 2022 , 4:10 PM

 

മലയാള സിനിമയിലെ മുന്‍നിര നായകന്മാരായ ആസിഫ് അലിയുടെയും നിവിന്‍ പോളിയുടെയും ചിത്രങ്ങള്‍ നാളെ തിയറ്ററുകളിലേക്ക്. നിവിന്റെ 'സാറ്റര്‍ഡെ നൈറ്റും' ആസിഫ് അലിയുടെ 'കൂമനു'മാണ് വെള്ളിയാഴ്ച മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇതാദ്യമായാണ് ആസിഫ് അലിയുടെയും നിവിന്റെയും ചിത്രങ്ങള്‍ ഒരുമിച്ച് റിലീസിനെത്തുന്നത്.
പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധിക്കപ്പെട്ട സാറ്റര്‍ഡേ നൈറ്റ് സംവിധാനം ചെയ്യുന്നത് റോഷന്‍ ആന്‍ഡ്രൂസ് ആണ്. പക്കാ കോമഡി എന്റര്‍ടൈനര്‍ ആയി ഒരുങ്ങുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, അജു വര്‍ഗീസ്, സിജു വിത്സണ്‍, സാനിയ ഇയ്യപ്പന്, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സ്റ്റാന്‍ലി എന്ന കഥാപാത്രത്തെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സുഹൃത്ത് ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂമന്‍. പൊലീസ് കോണ്‍സ്റ്റബിള്‍ 'ഗിരിശങ്കര്‍' ആയി ആസിഫ് അലി വേഷമിടുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കേരള തമിഴ്‌നാട് അതിര്‍ത്തി മേഖലയായ ഒരു മലയോര ഗ്രാമത്തിലാണ്. പൊലീസ് സ്റ്റേഷനിലേക്ക് കര്‍ക്കശ്ശക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥലം മാറി എത്തുന്നത് പലരുടെയും ജീവിതത്തെ കീഴ്‌മേല്‍ മറിക്കുന്നു. സാധാരണമെന്നു വിധിയെഴുതിയ പലതും അത്ര സാധാരണമായിരുന്നില്ല എന്ന തിരിച്ചറിവ് ചിത്രത്തെ ഉദ്വേഗജനകമാക്കുന്നു. ആല്‍വിന്‍ ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനന്യ ഫിലിംസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിലാണ് നിര്‍മാണം.