News

എരുമേലിയിൽസൗജന്യമായി വിതരണം ചെയ്യാൻ നൽകിയ തുണി സഞ്ചികൾ മറിച്ച് വിറ്റ് ലക്ഷങ്ങൾ തട്ടിയതായി പരാതി

20 January 2023 , 1:58 PM

 

 

എരുമേലി: മണ്ഡലകാലത്ത് അയ്യപ്പഭക്തർ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകൾ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടിൽ നിന്ന് കരകയറാൻ പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരിൽ കോട്ടയത്തെ പ്രമുഖ സ്വർണ്ണക്കട ഗ്രൂപ്പ് സൗജന്യമായി വിതരണം ചെയ്യാൻ

എരുമേലിയിലേക്ക് നൽകിയ തുണി സഞ്ചികൾ മറിച്ച് വിറ്റ് ലക്ഷങ്ങൾ തട്ടിയതായി പരാതി.

     എരുമേലിയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യമായി നൽകുന്നതിനാണ് ഈ തുണിസഞ്ചികൾ സ്വർണ്ണക്കട ഗ്രൂപ്പ് നൽകിയത്. എന്നാൽ, പതിനായിരത്തിനടുത്ത് തുണിസഞ്ചികൾ സൗജന്യമായി നൽകുകയും ബാക്കി തുണി സഞ്ചികൾ 20 രൂപ മുതൽ 30 രൂപ വരെ വിലയ്ക്ക് വിൽക്കുകയായിരുന്നെന്നുമാണ് പരാതി. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപയാണ് പുണ്യം പൂങ്കാവനം പദ്ധതിയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ തട്ടിയെടുത്തതായി ആക്ഷേപമുയർന്നിരിക്കുന്നത്.

        കഴിഞ്ഞ വർഷം എരുമേലിയിൽ പാർക്കിംഗിൻ്റെ പേരിൽ സിഐ വ്യാപകമായി കൈക്കൂലി വാങ്ങിച്ചിരുന്ന വാർത്ത പ്രമുഖ ഓൺലൈൻ ന്യൂസാണ് പുറത്തു കൊണ്ടുവന്നത്. ഇതു സംബന്ധിച്ച വാർത്ത പുറത്തു വന്നതിനെത്തുടർന്ന്, അന്വേഷണം നടത്തി, സംഭവം ശരിയാണെന്ന് കണ്ടെത്തി സ്പ്യെഷൽ ബ്രാഞ്ച് റിപ്പോർട്ട് നല്കുകയും അതേത്തുടർന്ന് അന്നത്തെ എരുമേലി സിഐ ആയിരുന്ന മനോജിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. അതിൻ്റെ തുടർച്ചയെന്നോണമാണ് എരുമേലിയേയും ശബരിമലയേയും കളങ്കിതമാക്കാൻ പോലീസിലെ ഒരു വിഭാഗത്തിൻ്റെ ഭാഗത്തു നിന്ന് ഇത്തരം ഗുരുതരമായ നിയമ ലംഘനം നടന്നിട്ടുള്ളത്.

       അതേസമയം, പുണ്യം പൂങ്കാവനം പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പിൽ എരുമേലി സിഐക്കും എസ്ഐക്കും, പങ്കില്ലെന്നും മറ്റ് ചില ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നും സൂചനയുണ്ട്.

        വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തർ പ്ലാസ്റ്റിക് കവറുകൾ കൊണ്ടുവരികയും ഇത് വനത്തിലടക്കം വലിച്ചെറിയുകയും ചെയ്യുന്നത് മാലിന്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ഇവ ഭക്ഷിച്ച് വന്യമൃഗങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് പതിവാണ്. ഇതു തടയാനായാണ് ശബരിമലയിൽ പ്ലാസ്റ്റിക് കൊണ്ടുവരരുതെന്ന് കർശന നിയന്ത്രണം കൊണ്ടുവന്നത്. ഇതിൻ്റെ ചുവടു പിടിച്ചാണ് വൻ അഴിമതി നടന്നതായി ആക്ഷേപം ഉയർന്നിരിക്കുന്നത്.