News

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് റോഡരികിൽ കൊടിതോരണങ്ങൾ കെട്ടാൻ പോയ യുവാവിനെ കാണാനില്ലെന്ന് പരാതി

07 September 2023 , 10:32 AM

 

 

കണ്ണൂർ: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് റോഡരികിൽ കൊടിതോരണങ്ങൾ കെട്ടാൻ പോയ യുവാവിനെ കാണാനില്ലെന്ന് പരാതി. ചാലാട് ജവാൻമുക്കിൽ കുമ്മൻ ഹൗസിൽ എ.എം. റെനിൽ (28) നെയാണ് കാണാതായത്.ചൊവ്വാഴ്ച രാത്രി 11-ഓടെ പന്നേൻപാറയിലെ ചങ്ങാട്ടുപീടികയിൽ കൊടിതോരണങ്ങൾ കെട്ടാൻ സുഹൃത്തുക്കളോടൊപ്പം റെനിലും ഉണ്ടായിരുന്നു.

 

ഇതിനിടെ കനത്ത മഴ പെയ്തതോടെ പ്രവർത്തകരെല്ലാം തൊട്ടടുത്തുള്ള കടവരാന്തയിൽ കയറിനിന്നു. മഴതോർന്നതിനെ തുടർന്ന് വീണ്ടും കൊടിതോരണങ്ങൾ കെട്ടുവാൻ ഇറങ്ങിയപ്പോഴാണ് റെനിലിനെ കാണാതായ കാര്യം ശ്രദ്ധയിൽപ്പെടുന്നത്. രണ്ട് ഫോൺ ഉപയോഗിക്കുന്ന റെനിലുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ രണ്ടും സ്വിച്ച് ഓഫായ നിലയിലായിരുന്നു.

 

തുടർന്ന് റെനിൽ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.സഹോദരൻ അഭിൽ ടൗൺ സ്റ്റേഷനിൽ പരാതി നൽകി. ബി.ജെ.പി. പ്രവർത്തകനായ റെനിൽ പാചകവാതക സിലിൻഡർ വിതരണ ജീവനക്കാരനാണ്.