News

കടി കിട്ടിയവര്‍ ആറു ലക്ഷത്തിലേറെ; നഷ്ടപരിഹാരത്തിന് അപേക്ഷ 5036 മാത്രം

16 September 2022 , 5:03 PM

 

കൊച്ചി: നായ ആക്രമണത്തില്‍ പരുക്കേറ്റവര്‍ നഷ്ടപരിഹാരത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ പേരിനുമാത്രം. നിയമത്തിലെ അവ്യക്തതയും പരിഹാരം കിട്ടാനുള്ള കാലതാമസവും ആളുകളിലേയ്ക്ക് ഈ പദ്ധതി എത്താത്തതുമാണ് ഇതിന് കാരണം. പ്രതിവര്‍ഷം ഒരുലക്ഷത്തിലേറെ പേര്‍ തെരുവുനായ് ആക്രമണത്തിന് ഇരയാകുന്നുവെന്നാണ് കണക്ക്. എന്നാല്‍ നഷ്ടപരിഹാരത്തില്‍ തീര്‍പ്പ് കല്‍പിക്കേണ്ട ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി മുമ്പാകെ ആറു വര്‍ഷത്തിനിടെ എത്തിയത് 5036 പരാതികള്‍ മാത്രം. ഇതില്‍ കമ്മീഷന് തീര്‍പ്പ് കല്‍പ്പിക്കാനായത് 881 എണ്ണവും.

സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം 2016 സെപ്റ്റംബറിലാണ് ജസ്റ്റിസ് സിരിജഗന്‍ അദ്ധ്യക്ഷനായി മൂന്നംഗ സമിതി നിലവില്‍ വന്നത്. ഇതിനിടെ തെരുവുനായ് ആക്രമണത്തിന് ഇരയായവരുടെ എണ്ണം ആറുലക്ഷത്തിലേറെയാണ്. തെരുവു നായുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്ന ഇരുചക്രവാഹന യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന മൂന്നംഗ സമിതിയാണ് ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി. വളര്‍ത്തു നായ്ക്കളുടെ ആക്രമണം ഈ കമ്മിറ്റിയുടെ പരിഗണനയില്‍ വരില്ല. കമ്മിറ്റിക്ക് ലഭിക്കുന്ന പരാതിയില്‍ കുറഞ്ഞത് 10,000 രൂപയെങ്കിലും നഷ്ടപരിഹാരം ലഭിക്കും. 20 ലക്ഷം രൂപ വരെ നഷ്ടപരിഹാരം വിധിച്ച കേസുകളുണ്ട്. കമ്മിറ്റി നഷ്ടപരിഹാരം വിധിച്ചവരില്‍ എത്ര പേര്‍ക്ക് അത് ലഭിച്ചു എന്നതിന് കൃത്യമായ കണക്കുകളില്ല. മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ മാതൃകയിലാണ് ഇരയ്ക്കുണ്ടായ നഷ്ടങ്ങള്‍ കണക്കാക്കി കമ്മീഷന്‍ നഷ്ടപരിഹാരം വിധിക്കുന്നതെന്ന് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് സിരിജഗന്‍ പറഞ്ഞു. നഷ്ടപരിഹാരം വിധിക്കാനേ കമ്മീഷന് അധികാരമുള്ളൂ. നല്‍കേണ്ടത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാറുമാണ്. സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളും നഷ്ടപരിഹാരം നല്‍കാതിരുന്നാല്‍ ഇരയായ ആള്‍ സുപ്രീം കോടതിയെയാണ് സമീപിക്കേണ്ടത്.

 

 

നായകടി ഏറ്റവരെക്കാള്‍ ദുര്‍ഗതിയില്‍ നഷ്ടപരിഹാരം നല്‌കേണ്ട കമ്മിഷന്‍

കൊച്ചി: തെരുവു നായ് ആക്രമണം വലിയ സാമൂഹിക പ്രശ്‌നമായി മാറുമ്പോഴും ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന സിരിജഗന്‍ കമ്മീഷനോട് സര്‍ക്കാറിന് അവഗണന. കമ്മീഷന്‍ ഓഫീസില്‍ ഒരു സെക്രട്ടറിയും ക്ലാര്‍ക്കും പ്യൂണും മാത്രമാണുള്ളത്. ഓഫീസില്‍ ഫോണോ ഇമെയില്‍ വിലാസമോ ഇല്ല. തപാല്‍ ചെലവില്‍ മാത്രം ഒന്നര ലക്ഷത്തോളം രൂപ ജസ്റ്റിസ് സിരിജഗന് സര്‍ക്കാര്‍ നല്‍കാനുണ്ട്. യാത്രച്ചെലവ് അനുവദിക്കാത്തതിനാല്‍ മറ്റു ജില്ലകളില്‍ സിറ്റിങ് നടത്തുന്നില്ല. പരാതി നല്‍കുന്നവര്‍ കൊച്ചിയിലെ കമ്മീഷന്‍ ആസ്ഥാനത്ത് തെളിവെടുപ്പിന് ഹാജരാകണം. ഇതു നിമിത്തം പലപ്പോഴും ഇരകള്‍ തെളിവെടുപ്പിന് എത്താറില്ല. എത്തിയാലും നടപടികള്‍ക്ക് വളരെയധികം കാലതാമസം നേരിടുന്നു. നഷ്ടപരിഹാരം കിട്ടിയാലും പരിക്കിന് അനുസൃതമായ തുക നല്‍കാന്‍ ഉത്തരവുണ്ടാകുന്നില്ലെന്നു ആക്ഷേപമുണ്ട്. പതിനായിരം രൂപാ മുതലാണ് നഷ്ടപരിഹാരത്തുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെളിവെടുപ്പിന് കൊച്ചിയിലെത്താന്‍ ചെലവ് കൂടും. ഇനി തക്കതായ തുക നഷ്ടപരിഹാരം വിധിച്ചാലും അത് നല്‍കാന്‍ ബന്ധപ്പെട്ട  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ സര്‍ക്കാരോ തയ്യാറാകുന്നില്ല. തുക ലഭിക്കാന്‍ പിന്നീട് ഡല്‍ഹിയിലുള്ള സുപ്രീം കോടതിയിലാണ് ഹര്‍ജി നല്‍കേണ്ടത്. ഇതൊക്കെയാവാം തെരുവുനായയുടെ ആക്രമണമുണ്ടായി ജീവന്‍ തിരിച്ചു കിട്ടിയാലും, നഷ്ടപരിഹാരത്തിന് നടപടിയാവാത്ത ഈ സംവിധാനത്തില്‍ പരാതി നല്‍കാന്‍ പോലും ജനങ്ങള്‍ വിസമ്മതിക്കുന്നത്.

 

തെരുവുനായകളെ കൊല്ലുന്നത് തടവുംപിഴയും ലഭിക്കാവുന്നകുറ്റംഃ ഡിജിപി

തിരുവനന്തപുരം: തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാതിരിക്കാന്‍ ബോധവത്കരണം നടത്തണമെന്ന് ഡിജിപി അനില്‍കാന്ത്. നായ്ക്കളെ കൊല്ലുന്നത് തടവു ലഭിക്കുന്ന കുറ്റമാണ്. ജനജീവിതത്തിന് ഭീഷണിയാകുന്നതിനാല്‍ പട്ടികളെ കൂട്ടത്തോടെ നാട്ടുകാര്‍ കൊല്ലുന്നുണ്ട്.ഇത് ഒഴിവാക്കണം.ഓരോ SHO മാരും റസിഡന്‍സ് അസോസിയേഷനുമായി ചേര്‍ന്ന് ബോധവത്കരണം നടത്തണമെന്നും ഡിജിപി നിര്‍ദ്ദേശം നല്‍കി.ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നടപടി.പൊതുജനം നിയമം കയ്യിലെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.