News

വിവാഹമോചിതയായ യുവതിയായി ചമഞ്ഞ് ചാറ്റിങ്, തട്ടിയത് ലക്ഷങ്ങള്‍; ഒടുവില്‍ അറസ്റ്റില്‍

20 January 2023 , 6:02 AM

 

 

മലപ്പുറം: പെണ്ണായി അഭിനയിച്ച്‌ വാട്സാപ്പ് വഴി പരിചയപ്പെട്ട യുവാവില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ വിരുതന്‍ അറസ്റ്റില്‍.വിവാഹമോചിതയായ സ്ത്രീയാണെന്ന് വിശ്വസിപ്പിച്ച്‌ അരിയല്ലൂര്‍ സ്വദേശിയായ യുവാവിനെ കെണിയില്‍ പെടുത്തിയ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് അദ്നാനെയാണ് പരപ്പനങ്ങാടി പോലീസ് പിടികൂടിയത്.

 

പല തവണയായി മൂന്നു ലക്ഷം രൂപയോളമാണ് തട്ടിയെടുത്തത്. ഏഴു മാസങ്ങള്‍ക്ക് മുമ്ബാണ് സംഭവങ്ങള്‍ക്ക് തുടക്കം. അനഘ എന്ന പേരിലാണ് മുഹമ്മദ് അദ്നാന്‍ അരിയെല്ലൂര്‍ സ്വദേശിയുമായി ബന്ധം സ്ഥാപിച്ചത്. അമ്മ അസുഖബാധിതയാണെന് വിശ്വസിപ്പിച്ച്‌ കൊണ്ടാണ് തുക തട്ടിയെടുത്തത്. ഒരേസമയം അനഘ എന്ന പെണ്‍കുട്ടിയായും പെണ്‍കുട്ടിയുടെ അടുത്ത സുഹൃത്തായും ഇരട്ട റോളിലാണ് മുഹമ്മദ്‌ അദ്നാന്‍ അഭിനയിച്ച്‌ ഇയാളെ കബളിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.പെണ്‍കുട്ടി ഒരിക്കലും നോര്‍മല്‍ കോള്‍ വിളിക്കുകയോ വോയിസ് ചാറ്റ് നടത്തുകയോ ചെയ്തിട്ടില്ല. അനഘയാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നതിനായി സോഷ്യല്‍ മീഡിയയില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ ഇയാള്‍ പരാതിക്കാരന് അയച്ചു കൊടുത്തിട്ടുണ്ട്.

 

പ്രണയത്തില്‍ കുരുങ്ങിയ യുവാവ് കാണാപുറത്തുള്ള കാമുകിയെ വിവാഹം കഴിക്കുന്നതിനും നേരിട്ട് ഒന്ന് കാണുന്നതിനുമായി എട്ടു തവണയോളം പെരിന്തല്‍മണ്ണയിലേക്ക് എത്തിയിട്ടുണ്ട്. അവസാനം, കബളിപ്പിക്കപ്പെട്ടതായി സംശയമുയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് അരിയല്ലൂര്‍ സ്വദേശി പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്ണായി അഭിനയിച്ച മുഹമ്മദ് അദ്നാന് കുടുങ്ങിയത്. പരപ്പനങ്ങാടി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തില്‍ പരപ്പനങ്ങാടി സബ് ഇന്‍സ്പെക്ടര്‍ അജീഷ് കെ. ജോണ്‍, ജയദേവന്‍, സിവില്‍ പോലീസ് ഓഫിസര്‍ മുജീബ്, വിബീഷ്, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.