Sports

സി ബി എല്‍: കായംകുളത്ത് നടുഭാഗം ജലരാജാവ്

12 November 2022 , 5:05 PM

 

 

കായംകുളം: കായംകുളം കായലില്‍ നടന്ന സി. ബി. എല്‍. മത്സരത്തില്‍ കുമരകം എന്‍. സി. ഡി. സി. ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ ജേതാവായി. രണ്ടാം സ്ഥാനം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടില്‍ തെക്കെതില്‍ ചുണ്ടനും മൂന്നാം സ്ഥാനം പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനും കരസ്ഥമാക്കി. ഒന്‍പത് ചുണ്ടന്‍ വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്.

സി. ബി. എല്‍. മത്സരം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഓളപരപ്പിലെ ആവേശം ഓരോ നിമിഷവും കരയിലേക്ക് പകരുന്നതാണ് വള്ളംകളി. ചരിത്രമുറങ്ങുന്ന കായംകുളത്തിന്റെ മണ്ണില്‍ സംഘടിപ്പിച്ച വള്ളംകളി ജനങ്ങളില്‍ സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ യു. പ്രതിഭ എം. എല്‍. എ. അധ്യക്ഷത വഹിച്ചു.

നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ചുണ്ടന്‍ വള്ളങ്ങളുടെ മാസ് ഡ്രില്‍ ഫ്‌ളാഗ് ഓഫ് ചെയതു. ജില്ലാ കളക്ടര്‍ വി. ആര്‍. കൃഷ്ണ തേജ സി. ബി. എല്‍ പതാക ഉയര്‍ത്തി. സജി ചെറിയാന്‍ എം. എല്‍. എ, എം. എസ്. അരുണ്‍കുമാര്‍ എം. എല്‍. എ എന്നിവര്‍ മുഖ്യാതിഥികളായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍്് ബിപിന്‍ സി ബാബു, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി. ശശികല, നഗരസഭാ വൈസ് ചെയര്‍മാന്‍ ജെ. ആദര്‍ശ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചര്‍, ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ എ. മഹേന്ദ്രന്‍, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ. എച്ച്. ബാബുജാന്‍, എ. അജികുമാര്‍, മുന്‍ എം. എല്‍. എ കെ. കെ. ഷാജു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിഥികള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.