Sports

അഞ്ചാം സി.ബി.എൽ വള്ളംകളി മറൈൻ ഡ്രൈവിൽ ഇന്ന്

08 October 2022 , 7:10 AM

 

കൊച്ചി: ഈ സീസണിലെ അഞ്ചാമത് ചാംപ്യൻസ് ബോട്ട് ലീഗ് ശനിയാഴ്ച മറൈൻഡ്രൈവിൽ നടക്കും. സംസ്ഥാന സർക്കാർ ടൂറിസം വകുപ്പ് വഴി നടത്തുന്ന ചാംപ്യൻസ് ബോട്ട് ലീഗിന്റെ(സി ബി എൽ) അഞ്ചാമത്തെ ലീഗ് മത്സരമാണ് മറൈന്‍ ഡ്രൈവില്‍ നടക്കുന്നത്. ജലോത്സവത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച ഉച്ചയ്ക്ക് 1:30 ന് നടക്കും. ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിലാണ് ചാംപ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.  പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള പ്രാദേശിക വള്ളംകളി മത്സരം സി.ബി.എല്ലിനൊപ്പമാണ് ഇക്കുറി നടത്തുന്നത്. കാണികൾക്കുള്ള പവലിയനുകളുടെ നിർമ്മാണം ഉൾപ്പടെയുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.പ്രാദേശിക വള്ളംകളിയും. സി.ബി.എൽ മത്സരങ്ങളും ഇടകലർത്തി കലാ സംസ്കാരിക പരിപാടികളുടെ അകമ്പടിയോടെ നടത്താനാണ് തീരുമാനം.സി.ബി.എല്ലിന്റെ ഭാഗമായ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ഉച്ചയ്ക്ക് 2.30നാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രാദേശിക വള്ളംകളിയുടെ ഹീറ്റ്സും നടത്തും. 

 

തുടർന്ന് കലാപരിപാടികൾക്ക് ശേഷം പ്രാദേശിക വള്ളങ്ങളുടെ ഫൈനൽ മത്സരവും, ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരവും എന്ന രീതിയിലാണ് ക്രമീകരണം. 

 ഈ വർഷത്തെ നെഹ്റു ട്രോഫി ജേതാക്കളായ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ, ഫൈനൽ മത്സരാർത്ഥികളായ നടുഭാഗം ചുണ്ടൻ, വീയപുരം ചുണ്ടൻ, ചമ്പക്കുളം ചുണ്ടൻ, ചുണ്ടൻ വള്ളങ്ങളായ കാരിച്ചാൽ, ആയാപറമ്പ് പാണ്ടി, സെന്റ് പയസ് ടെൻത്, ദേവാസ് പായിപ്പാടൻ തുടങ്ങിയവയാണ് സി.ബി.എല്ലിലെ മത്സരാർത്ഥികൾ. 

ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളായ പുത്തൻപറമ്പൻ, പൊഞ്ഞനത്തമ്മ, സെന്റ് സെബാസ്റ്റ്യൻ നമ്പർ 1, താണിയൻ , സെന്റ് ആന്റണി, ശരവണൻ, വലിയ പണ്ടിതൻ, തിരുത്തിപ്പുറം, ഹനുമാൻ നമ്പർ 1 എന്നീ വള്ളങ്ങളും മാറ്റുരയ്ക്കും.