News

ബാറിൽ യുവാവ് കുത്തേറ്റുമരിച്ച കേസ്: അന്വേഷണം സംസ്ഥാന വ്യാപകമാക്കി

19 July 2023 , 10:43 AM

 

 

കണ്ണൂർ : കാട്ടാമ്പള്ളി ബാറിലുണ്ടായ സംഘർഷത്തിൽ വളപട്ടണം കീരിയാട്ടെ ടി.പി. റിയാസ് (42) മരിച്ച കേസിൽ പ്രതിക്കായി സംസ്ഥാനവ്യാപകമായി തിരച്ചിൽ ആരംഭിച്ചു. കണ്ണൂർ എ.സി.പി. ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചാണ് പരിശോധന നടത്തുന്നത്.

 

പ്രതി അഴീക്കോട് മൂന്ന്നിരത്ത് സ്വദേശി നിഷാം കൊലപാതകം നടന്നയുടനെ സ്കൂട്ടറിൽ രക്ഷപ്പെട്ടിരുന്നു. ഇയാളുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ തേടി പോലീസ് കോഴിക്കോട്ടും കൊല്ലത്തും എത്തിയെങ്കിലും കണ്ടെത്താനായില്ല.

 

കൊല്ലത്ത് ഒരു സുഹൃത്തിന്റെ വീട്ടിൽ എത്തിയതായി വിവരംലഭിച്ചതിനെ തുടർന്ന് അന്വേഷണസംഘം സ്ഥലത്തെത്തിയെങ്കിലും പ്രതി മുങ്ങി.പിന്നീട് പിറവത്ത് മൊബൈൽ ലൊക്കേഷൻ ലഭിച്ചെങ്കിലും വീണ്ടും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

 

നിഷാം എത്താൻ സാധ്യതയുള്ള ജിംനേഷ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.എ.ടി.എമ്മിൽനിന്ന് പണം പിൻവലിച്ചതായി ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പോലീസ് പരിശോധന നടത്തിയെങ്കിലും നിഷാമിനെ കണ്ടെത്താനായില്ല.

 

റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതി സംസ്ഥാനം വിട്ട് പോയിട്ടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് അന്വേഷണസംഘം.

 

കാട്ടാമ്പള്ളി ബാറിലുണ്ടായ സംഘർഷത്തിൽ റിയാസിനെ അരയിൽ സൂക്ഷിച്ച കത്തികൊണ്ട് നിഷാം കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

 

ഇടനെഞ്ചിൽ ആഴത്തിലുള്ള മുറിവേറ്റാണ് റിയാസ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്. കണ്ണൂർ എ.സി.പി. ടി.കെ. രത്നകുമാറിന്റെ മേൽനോട്ടത്തിൽ മയ്യിൽ പോലീസ് ഇൻസ്പെക്ടർ ടി.പി. സുമേഷ്, എസ്.ഐ. എം. പ്രശോഭ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തുന്നത്.