News

അതിഥി തൊഴിലാളികളുടെ അടി തീർക്കാനെത്തി; കഞ്ചാവ് ശേഖരം കണ്ട് ഞെട്ടി പൊലീസ്

05 November 2022 , 2:03 PM

 

 

 

കോട്ടയം: അതിഥി തൊഴിലാളികൾ തമ്മിലുളള സംഘർഷം അന്വേഷിക്കാനെത്തിയ പൊലീസ് കഞ്ചാവ് ശേഖരം കണ്ടെടുത്തു. ഇവരുടെ താമസസ്ഥലത്ത് നിന്ന് രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ പശ്ചിമ ബം​ഗാൾ സ്വദേശികളായ വസീം മാലിക്, അലാം ഖിർ എന്നിവരെ അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട ടൗണിലാണ് സംഭവം.

ഈരാറ്റുപേട്ട ചെമ്മനച്ചാലിൽ നജീബിന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തിലാണ് അതിഥി തൊഴിലാളികൾ താമസിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് അതിഥി തൊഴിലാളികൾ ഇവിടെ താമസം തുടങ്ങിയത്. ഇരുവരും സാമ്പത്തിക ഇടപാടുകളെ ചൊല്ലി വാക്ക് തർക്കത്തിലേർപ്പെടുകയായിരുന്നു. ബഹളം കൂടിയതോടെ സമീപവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോൾ കണ്ടത് അതിഥി തൊഴിലാളികളുടെ മുറിയിലെ വൻ കഞ്ചാവ് ശേഖരമാണ്. പ്രതികളിൽ നിന്ന് രണ്ട് പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 2.27 കിലോ കഞ്ചാവ് പിടിച്ചെടുത്തു. അറസ്റ്റിലായ വസീം മാലിക് ആണ് കഞ്ചാവ് എത്തിച്ചത്. അതിഥി തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യാനാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വസീം മാലികിനെ ഈരാറ്റുപേട്ടയിലെ കെട്ടിട ഉടമയ്ക്ക് പരിചയപ്പെടുത്തി കൊടുത്തയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.