News

ഇനി ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കള്‍ക്കെല്ലാം സി പോര്‍ട്ട് ചാര്‍ജര്‍ മാത്രം; പുതിയ നടപടിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Delhi Reporter

18 August 2022 , 3:01 PM

 

ഡല്‍ഹി: ഇനി പുതുതായി ഇറങ്ങുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കള്‍ക്കെല്ലാം ഒറ്റ ചാര്‍ജിംഗ് പോര്‍ട്ട് മതിയെന്ന നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍. സ്മാര്‍ട്ട്ഫോണ്‍ കമ്പനികളും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും തമ്മില്‍ ബുധനാഴ്ച ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. നടപടി പ്രാവര്‍ത്തികമാക്കിയാല്‍ അത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകുമെങ്കിലും ആപ്പിള്‍ പോലുള്ള കമ്പനികള്‍ക്ക് നീക്കം തിരിച്ചടിയാകും. ( center may unify charging port ) മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ടൈപ്പ് സി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ മാത്രമാക്കി ഏകീകരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഇത് ഇലക്ട്രോണിക് മാലിന്യം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് കേന്ദ്ര സംഘം വിലയിരുത്തുന്നു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിജ്ഞയുടെ ഭാഗമായാണ് നീക്കമെന്ന് കേന്ദ്രം അറിയിച്ചു. നിലവില്‍ ഓരോ തവണ പുതിയ ഇലക്ട്രോണിക് ഉപകരണം വാങ്ങുമ്പോഴും അതിനനുസരിച്ച് ചാര്‍ജറുകളും വാങ്ങേണ്ടി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകും ഈ നടപടി. പല ഡിവൈസുകള്‍ക്കായി ഒന്നില്‍ പരം ചാര്‍ജറുകള്‍ കൊണ്ടുനടക്കുന്നവര്‍ക്ക് നീക്കം ഗുണം ചെയ്യും. ചാര്‍ജിംഗ് പോര്‍ക്ക് ഏകീകരിക്കുന്നതോടെ ഒരു ടൈപ് സി ചാര്‍ജറുണ്ടെങ്കില്‍ എല്ലാ ഡിവൈസും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഒറ്റചാര്‍ജറില്‍തന്നെ മൊബൈല്‍ഫോണും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യത്തക്ക വിധത്തിലായിരിക്കും പുതിയ നിര്‍മാണം.