News

പുതുപ്പള്ളിയില്‍ ആറ് മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടായേക്കും

22 July 2023 , 4:07 PM

 

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 53വര്‍ഷം ജനപ്രതിനിധിയായിരുന്ന പുതുപ്പള്ളി മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ഉപതിരഞ്ഞെടുപ്പ് ആറുമാസത്തിനുള്ളില്‍ നടക്കും. നിയമസഭ സെക്രട്ടറിയേറ്റ് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയാണ് ഒഴിവ് അറിയിച്ചത്. നവംബര്‍ - ഡിസംബര്‍ മാസങ്ങളിലെ വിവിധ സംസ്ഥാന തെരഞ്ഞെടുപ്പിനൊപ്പം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.ഇതിനിടെ പുതുപ്പളിയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ചാണ്ടി ഉമ്മന് അയോഗ്യതയില്ലെന്ന് കെ സി ജോസഫ് വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പില്‍ കെപിസിസി സംയുക്തമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി മണ്ഡലത്തിലെ പിന്‍ഗാമി കുടുംബത്തില്‍നിന്നുള്ള ആളാകാനാണ് സാധ്യത. ചാണ്ടി ഉമ്മനെ കോണ്‍ഗ്രസ് കളത്തിലിറക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

1970 ല്‍ കോണ്‍ഗ്രസിന്റെ കടുത്ത പ്രതിസന്ധി കാലത്താണ് പുതുപ്പള്ളിയെ ഉമ്മന്‍ചാണ്ടിയും ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയും ഏറ്റെടുക്കുന്നത്. പിന്നീടങ്ങോട്ട് 12 തവണയും പുതുപ്പള്ളിക്ക് ഒരേ ഒരു തെരഞ്ഞെടപ്പേ ഉണ്ടായിട്ടുള്ളു.