News

മകൻ ആക്രമിക്കപ്പെട്ടത് കണ്ട് അച്ഛൻ മരിച്ച സംഭവം; കത്തി വീശിയ ബസ് ജീവനക്കാരൻ കൊച്ചിയിൽ പിടിയിൽ

Kochi Reporter

19 August 2022 , 12:50 PM

 

കൊച്ചി: ഓവര്‍ടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുട‍ര്‍ന്ന് പറവൂരിൽ യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഒന്നാം പ്രതിയായ ബസിന്റെ ഡ്രൈവർ ചെറായി സ്വദേശി ടിന്റു ആണ് പിടിയിലായത്.ടിന്റു മകനെതിരെ കത്തി വീശിയത് കണ്ട പിതാവ് സംഭവസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചിരുന്നു.ഫോർട്ട്കൊച്ചി  ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദ്ദീനാണ് (54) മരിച്ചത്.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. രാത്രി 7.45നു പറവൂർ കണ്ണൻകുളങ്ങര ഭാഗത്ത് വച്ചാണ് സ്വകാര്യ ബസ് ജീവനക്കാരും ഫസലുദ്ദീനും മകനും തമ്മില്‍ വാക്കേറ്റമുണ്ടായത്. പറവൂരില്‍ വച്ച് സ്വകാര്യ ബസ് ഇവരുടെ കാറില്‍ തട്ടിയെന്നതായിരുന്നു വാക്കേറ്റത്തിന് കാരണം. ഫസലുദ്ദീന്റെ മകൻ ഫർഹാനാണ് (20) കാർ ഓടിച്ചിരുന്നത്.

കോഴിക്കോട് – വൈറ്റില റൂട്ടിലോടുന്ന നര്‍മ്മദ എന്ന സ്വകാര്യ ബസ് ഓവർടേക്ക് ചെയ്തപ്പോൾ ഫര്‍ഹാനും ഫസലുദ്ദീനും യാത്ര ചെയ്ത കാറിന്റെ കണ്ണാടിയിൽ തട്ടിയിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് ബസ് ജീവനക്കാര്‍ ആക്രമിക്കാനെത്തിയതെന്നാണ് ഫർഹാന്‍ പൊലീസിന് നല്‍കിയ മൊഴി.നിര്‍ത്താതെ പോയ ബസിനെ ഫര്‍ഹാൻ പിന്തുടര്‍ന്ന് ഓവര്‍ടെക്ക് ചെയ്ത് തടഞ്ഞുനിര്‍ത്തി.തുട‍ര്‍ന്ന് നടന്ന വാക്കേറ്റമാണ് കത്തിക്കുത്തിലേക്കും  മധ്യവയസ്കന്റെ മരണത്തിലേക്കും നയിച്ചത്.