News

ഗൃഹനാഥ പള്ളിയിൽ പോയ സമയത്ത്‌ വീട്ടിൽ മോഷണം

14 February 2023 , 7:50 AM

 

 

കണ്ണൂർ : താമസക്കാരി തിരുനാളിന് പോയ സമയത്ത് പൂട്ടിയിട്ടിരുന്ന വീടിന്റെ വാതിൽ പൊളിച്ച് മോഷണം നടത്തി. ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽവരുന്ന മുളപ്രയിലെ റിട്ട. അധ്യാപിക കല്ലറക്കൽ ഫിലോമിനയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിൻവശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.

മോഷ്ടാവ്‌ അലമാരയിൽ സൂക്ഷിച്ചിരുന്ന മുക്കുപണ്ടങ്ങൾ പുറത്തെടുത്ത് പരിശോധിച്ചിട്ടുണ്ട്‌. 2000 രൂപയും 6000 രൂപ വിലവരുന്ന സി.സി.ടി.വി. ക്യാമറയും മോഷ്ടിച്ചു. വേറെ മുറിയിൽ സ്വർണാഭരണങ്ങളും പണവും ഉണ്ടായിരുന്നുവെങ്കിലും നഷ്ടപ്പെട്ടില്ല.

 വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഞായറാഴ്ച മുളപ്ര അൽഫോൻസാ പള്ളിയിൽ തിരുനാൾ ചടങ്ങുകളിൽ പങ്കെടുത്തശേഷം രാത്രി 9.30-ഓടെ ഫിലോമിന തിരിച്ചുവന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇവരുടെ പരാതിയിൽ ചെറുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു.