Sports

ബ്രസീലിനും അടിതെറ്റി; ജയിച്ചിട്ടും കാമറൂൺ പുറത്ത്

03 December 2022 , 3:05 AM

 

ദോഹ: ബ്രസീലിനെ കാമറൂണ്‍ അട്ടിമറിച്ചു (0-1). വിജയിച്ചിട്ടും പ്രീ ക്വാർട്ടർ  കാണാതെ കാമറൂൺ  പുറത്ത്.ക്യാപ്റ്റന്‍ വിന്‍സെന്റ് അബൂബക്കറുടെയാണ്  അധിക സമയ ഗോളില്‍ കാമറൂണ്‍ അഞ്ചുവട്ടം ചാമ്പ്യന്‍മാരായ ബ്രസീലിനെ തുരത്തിയത്.

ഇതാദ്യമായാണ് ലോകകപ്പില്‍ ഒരു ആഫ്രിക്കന്‍ ടീമിനോട് കാനറികള്‍ തോല്‍ക്കുന്നത്. തോറ്റെങ്കിലും ജി ഗ്രൂപ്പില്‍ ഒന്നാമതായി. സെര്‍ബിയയെ 3–2ന് കീഴടക്കി സ്വിറ്റ്സര്‍ലന്‍ഡ് ഗ്രൂപ്പ് ജിയില്‍ രണ്ടാമതായി മുന്നേറി. ബ്രസീലിനും സ്വിസ്സിനും ആറ് പോയിന്റാണ്. ഗോള്‍വ്യത്യാസത്തില്‍ ബ്രസീല്‍ ഒന്നാമതായി.

 

സ്വിറ്റ്സര്‍ലന്‍ഡിനെതിരായ കളിയില്‍നിന്ന് ഒമ്ബത് മാറ്റങ്ങളുമായാണ് ടിറ്റെ ബ്രസീലിനെ ഇറക്കിയത്. എന്നാല്‍ യുവനിരയ്ക്ക് മികവ് കാട്ടാനായില്ല. ഗബ്രിയേല്‍ മാര്‍ടിനെല്ലി, റോഡ്രിഗോ, ഗബ്രിയേല്‍ ജെസ്യൂസ്, ആന്തണി എന്നിവരെല്ലാം മുന്നേറ്റത്തില്‍ പതറി. ഗോളടിക്കാന്‍ അവസരങ്ങളേറേയുണ്ടായിട്ടും മുതലാക്കാനായില്ല. ക്യാപ്റ്റനായി എത്തിയ ഡാനി ആല്‍വേസ് ബ്രസീല്‍ കുപ്പായത്തില്‍ ലോകകപ്പിനിറങ്ങുന്ന പ്രായമേറിയ താരമായി. 39 വയസും 210 ദിവസവുമാണ് ആല്‍വേസിന്റെ പ്രായം.ആകെ 28 തവണ ഷോട്ട് പായിച്ചിട്ടും ഒരിക്കല്‍പോലും കാമറൂണ്‍ വല കാണാന്‍ ബ്രസീലിനായില്ല.