News

താനൂരിൽ വിനോദയാത്രാ ബോട്ട് മറിഞ്ഞ് വൻ ദുരന്തം

07 May 2023 , 8:37 PM

 

 

താനൂർ: താനൂരിൽ വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ചു. ഇവരിൽ 7 പേർ കുട്ടികളാണ്. പരിക്കേറ്റ 9 പേർ ചികിത്സയിലാണ്.ഇതിൽ നാലു പേരുടെ അതീവ ഗുരുതരാവസ്ഥയിലാണ്.

         മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്താണ് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞത്. ബോട്ടിൽ മുപ്പതോളം പേരുണ്ടായിരുന്നു.  വൈകിട്ട് ഏഴു മണിയോടെയായിരുന്നു അപകടം.

      രക്ഷപെട്ടവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രി, കോട്ടക്കല്‍, താനൂർ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനു വെളിച്ചക്കുറവ് പ്രതിസന്ധിയായതായി നാട്ടുകാർ പറഞ്ഞു. അടിയന്തര നടപടികൾക്കു മുഖ്യമന്ത്രി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

        ബോട്ടിൽ കൂടുതൽ ആളുകളെ കയറ്റിയതോടെ ഉണ്ടായ അമിതഭാരമാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. കാണാതായവർ‌ ഇനിയും ഉണ്ടോ എന്നറിയാൻ എൻഡിആർഎഫും അഗ്നിരക്ഷാ സേനയുമാണ് തിരച്ചിലില്‍ നടത്തി. ഒപ്പം നേവിയുടെയും കോസ്റ്റ്ഗാർഡിന്റെയും സഹായം തേടി. ബോട്ടിൽ എത്ര പേർ ഉണ്ടായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തയില്ലാത്തതാണ് തിരച്ചിൽ തുടരാൻ കാരണം.

       കുട്ടികൾ ഉൾപ്പെടാതെ 39 പേർക്ക് ടിക്കറ്റ് നൽകിയെന്നാണ് സൂചന. ബോട്ടുടമ താനൂർ സ്വദേശി നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. ഇയാൾ ഒളിവിലാണ്.

വിദോസഞ്ചാരത്തിനു വേണ്ട ഫിറ്റനസ് ബോട്ടിനുണ്ടായിരുന്നില്ലെന്നാണ് വിവരം. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു. 

         താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്നു നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. താലൂക്ക് തല അദാലത്തുകളും മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇന്ന് ദുരന്തസ്ഥലം സന്ദർശിക്കും.