News

കൊല്ലത്ത് കടലില്‍ ക്രൂഡ് ഓയില്‍ സാനിധ്യം; ഉടന്‍ പര്യവേഷണം നടത്തും

24 September 2022 , 1:57 PM

 

കൊല്ലം: ആഴക്കടലില്‍ ക്രൂഡ് ഓയിലിന്റെ സാന്നിദ്ധ്യമുണ്ടൈന്നുള്ള സംശയത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കൊല്ലത്തിന്റെ ആഴക്കടലില്‍ വീണ്ടും ഇന്ധന പര്യവേഷണം നടത്താനൊരുങ്ങുന്നു. രണ്ട് വര്‍ഷം മുമ്പ് കൊല്ലത്തിന്റെ ആഴക്കടലില്‍ നടത്തിയ പര്യവേഷണത്തില്‍ ഇന്ധന സാന്നിദ്ധ്യത്തിന്റെ സൂചന ലഭിച്ചതിനാലാണ് പര്യവേഷണം തുടരാന്‍ തീരുമാനിച്ചത്. ആഴക്കടലില്‍ ക്രൂഡ് ഓയിലിന്റെ സാന്നിദ്ധ്യമുള്ള 18 ബ്ലോക്കുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ( fuel available in the deep sea of Kollam ). കൊല്ലം തീരത്ത് നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ബ്ലോക്കുകളിലെ പര്യവേഷണം വൈകാതെ ആരംഭിച്ചേക്കും. 18 ബ്ലോക്കുകളില്‍ ഒരെണ്ണത്തില്‍ ഖനനം നടത്തുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി ആസ്ഥാനമായ ഒരു സ്വകാര്യ കമ്പനിയുമായി ഓയില്‍ ഇന്ത്യ ലിമിറ്റഡ് ധാരണയിലെത്തിയതായും സൂചനയുണ്ട്. മൂന്ന് ഘട്ടങ്ങളായാണ് പര്യവേഷണം നടത്തുന്നത്. ഇതിനായി സര്‍വ്വേ കപ്പല്‍ വാടകയ്ക്ക് എടുക്കും. പര്യവേഷണ സമയത്ത് കൊല്ലം പോര്‍ട്ട് കേന്ദ്രീകരിച്ച് ടഗുകള്‍ വഴി കപ്പലില്‍ ഇന്ധനവും ഭക്ഷണവും എത്തിക്കും. അടുത്ത വര്‍ഷം പകുതിയോടെ ഖനനം ആരംഭിച്ചേക്കും.