News

അട്ടപ്പാടി മധു വധക്കേസ് 14 പ്രതികള്‍ കുറ്റക്കാര്‍

04 April 2023 , 12:47 PM

 

പാലക്കാട്: അട്ടപ്പാടി മധു വധക്കേസ് 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ആകെയുള്ള 16 പ്രതികളില്‍ 14 പേരും കുറ്റക്കാര്‍ എന്ന് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ കോടതി വിധിച്ചു. പ്രതികള്‍ക്കെതിരെ നരഹത്യാ കുറ്റം തെളിഞ്ഞു. നാലാംപ്രതി അനീഷ്, 11-ാം പ്രതി അബ്ദുള്‍ കരീം എന്നിവരെ ഒഴിവാക്കി. കൊലക്കുറ്റം ചുമത്തി ആണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. മണ്ണാര്‍ക്കാട് പ്രത്യേക കോടതി ജഡ്ജി കെ.എം രതീഷ് കുമാറാണ് കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. 2018 ഫെബ്രുവരി 22 നായിരുന്നു മനസാക്ഷിയെ നടുക്കിയ കൊലപാതകം നടന്നത്.
തുടര്‍ന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കുന്നത്. 127 സാക്ഷികളില്‍ 24 പേര്‍ വിചാരണയ്ക്കിടെ കൂറുമാറി. രണ്ടു സാക്ഷികള്‍ മരണപ്പെട്ടിരുന്നു. കാട്ടിലെ ഗുഹയില്‍നിന്ന് ഒരുകൂട്ടം ആളുകള്‍ 27 വയസുകാരനായ  മധുവിനെ പിടികൂടി മുക്കാലിയില്‍ കൊണ്ടുവന്ന് ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദിച്ചെന്നും തുടര്‍ന്ന്, കൊല്ലപ്പെട്ടെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്.